‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക്

മിസ് യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മോഡല്‍ കൂടിയാണ് 26-കാരിയായ സോസിബിനി ടുന്‍സി. പ്രകൃതി സംരക്ഷണത്തിന് ഏറെ പ്രധാന്യം നല്‍കുന്ന സോസിബിനി അഭിഭാഷക കൂടിയാണ്.

ഡിസംബർ 8 ന് അറ്റ്ലാന്റയിലെ ജോർജിയയിൽ വച്ചായിരുന്നു മത്സരം. സുന്ദരിപ്പട്ടവുമായി ബന്ധപ്പെട്ട് ടുൻസി നൽകിയ ഉത്തരങ്ങളാണ് ഇവരെ കിരീടാവകാശിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് കാട്രിയോണ ഗ്രേയാണ് ടുന്‍സിയെ കീരീടം ധരിപ്പിച്ചത്.

സോസിബിനി തുന്‍സി, മിസ് പ്യൂട്ടോറിക്ക മാഡിസണ്‍ ആന്‍ഡ്രേഴ്‌സണ്‍ എന്നിവരാണ് അവസാന റൗണ്ടിലെത്തിയത്. രണ്ടാം സ്ഥാനം പ്യൂട്ടോറിക്കയും മൂന്നാം സ്ഥാനം മെക്‌സിക്കോയുടെ സോഫിയ അരഗോണും സ്വന്തമാക്കി. എന്നാല്‍ അവസാന പത്തിലും ഇടം നേടാതെ ഇന്ത്യയുടെ വാര്‍ത്തിക സിംഗ് പുറത്തായി.

മത്സരത്തില്‍ യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നായിരുന്നു സോസിബിനി ടുന്‍സിയോടുള്ള ചോദ്യം. നേതൃപാടവം എന്നായിരുന്നു ടുന്‍സിയുടെ ഉത്തരം.

യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും നേതൃപാടവം വളരെ കുറഞ്ഞിരിക്കുന്നതായി കാണുന്നു. ഞങ്ങള്‍ അത് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്. ഞാന്‍ കരുതുന്നത് ലോകത്തെ ഏറ്റവും കരുത്തര്‍ ഞങ്ങളെന്നാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാ അവസരവും നല്‍കപ്പെടണം. പെണ്‍കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടത് ആ സ്ഥലമുപയോഗിക്കാനാണ്. സമൂഹത്തിലെ സ്ഥലമുപയോഗിക്കുക, സ്വയം ദൃഢീകരിക്കുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ടത് മറ്റൊന്നുമില്ല.’ എന്നായിരുന്നു സോസിബിനി ടുന്‍സിയുടെ ചോദ്യത്തിനോടുള്ള മുഴുവന്‍ പ്രതികരണം.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മിസ് യൂണിവേഴ്‌സ് പട്ടം ലഭിക്കുന്ന മൂന്നാമതെ വനിതയാണ് ടുന്‍സി. 2011-ല്‍ ലൈല ലോപ്പസിനു ശേഷം ലോകസുന്ദരി പട്ടം നേടുന്ന കറുത്തവര്‍ഗ്ഗക്കാരിയാണിവര്‍.

Top