ബംഗ്ലാദേശിനെതിരെ കൂറ്റൻ വിജയവുമായി ദക്ഷിണാഫ്രിക്ക

സിഡ്‌നി: ബംഗ്ലാദേശിനെതിരെ വമ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയർത്തിയ 206 എന്ന വലിയ സ്‌കോറിന് മുന്നിൽ ബംഗ്ലാദേശ് തകർന്നടിയുകയായിരുന്നു. 16.3 ഓവറിൽ 101ന് എല്ലാവരും പുറത്ത്. ദക്ഷിണാഫ്രിക്കയുടെ ജയം 104 റൺസിന്. സിംബാബ്‌വെക്കെതിരായ ആദ്യ മത്സരം മഴ എടുത്തതിനാൽ ബംഗ്ലാദേശിനെതിരെ മികച്ച വിജയം ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യമായിരുന്നു.

34 റൺസെടുത്ത ലിറ്റൻ ദാസ് ആണ് കടുവകളുടെ ടോപ് സ്‌കോറർ. സൗമ്യസർക്കാർ(15) മെഹദി ഹസൻ മിറാസ്(11) എന്നിവരാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ബാക്കിയുള്ളവർക്കെല്ലം കുറഞ്ഞ പന്തിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിച്ച് നോർച്ചെ നാലും തബ്രിയാസ് ഷംസി മൂന്നു വിക്കറ്റും വീഴ്ത്തി. കാഗിസോ റബാദെ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

2022 എഡിഷൻ ലോകകപ്പിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ റീലി റൂസോയുടെ കരുത്തിലാണ് ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്‌കോർ നേടിയത്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത് 205 റൺസ്. 56 പന്തിൽ നിന്ന് 109 റൺസാണ് റൂസോ നേടിയത്. എട്ട് സിക്‌സറുകളും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റൂസോയുെട കിടിലൻ ഇന്നിങ്‌സ്.

കൂട്ടിന് ഡികോക്കും കൂടി ചേർന്നതോടെ ദക്ഷിണാഫ്രിക്കൻ സ്‌കോർ പറപറന്നു. 38 പന്തിൽ നിന്ന് 63 റൺസാണ് ഡികോക്ക് നേടിയത്. മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിങ്‌സ്. എന്നാൽ ഇരുവരും പുറത്തായതോടെ സ്‌കോർ വേഗം ഒന്നു പതുങ്ങി. പിന്നീട് വന്നവർക്ക് കാര്യമായി റൺസ് കണ്ടെത്താനായില്ല. എയ്ഡൻ മാർക്രം(10) ട്രിസ്റ്റൻ സ്റ്റബ്‌സ് (7) എന്നിവർ വേഗത്തിൽ പുറത്തായി. ഡേവിഡ് വാർണർക്ക് ലഭിച്ചത് നാല് പന്തുകൾ. അതിൽ നേടിയത് രണ്ട് റൺസ്.

 

Top