ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാമത്തെ മത്സരത്തില്‍ ഒന്‍പത് വിക്കറ്റ് ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. വിജയലക്ഷ്യമായ 104 റണ്‍സ് 35 പന്ത് ബാക്കിനില്‍ക്കേ മറികടന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് 48 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ടി20 ദക്ഷിണാഫ്രിക്ക 28 റണ്‍സിന് വിജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 18.1 ഓവറില്‍ 103 റണ്‍സിന് ഓള്‍ഔട്ടായി. 30 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ പെരേര ആണ് ടോപ്സ്‌കോറര്‍. ദിനേശ് ചാന്ദിമല്‍ അഞ്ച് റണ്‍സിന് പുറത്തായി. നായകന്‍ ശനക 10 റണ്‍സേ നേടിയുള്ളൂ. നാല് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മര്‍ക്രാമും തബ്രെയിസ് ഷംസിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ അനായാസമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സിന്റെ വിക്കറ്റ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 18 റണ്‍സെടുത്ത റീസയെ ഹസരംഗ പുറത്താക്കി. അതേസമയം 58 റണ്‍സുമായി ഡികോക്കും 21 റണ്‍സെടുത്ത് മര്‍ക്രാമും പുറത്താകാതെ നിന്നു. തബ്രെയിസ് ഷംസിയാണ് കളിയിലെ താരം. പരമ്പരയിലെ അവസാന ടി20 നാളെ കൊളംബോയില്‍ നടക്കും.

 

Top