ഇന്ത്യന്‍ വനിതകള്‍ക്കെതിരായ അഞ്ചാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ലഖ്നൗ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ അഞ്ചാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 49.3 ഓവറില്‍ 188 റണ്‍സെടുക്കാനാണ് സാധിച്ചത്. ദക്ഷിണാഫ്രിക്ക 48.2 ഓവറില്‍ ലക്ഷ്യം മറികടന്നു. പരമ്പര 4-1നാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക 27 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സുനെ ലുസ് (10), ലൗറ വോള്‍വാര്‍ട്ട് (0), ലാറ ഗുഡാള്‍ (1) എന്നിവരാണ് മടങ്ങിയത്. പിന്നീടെത്തിയ മിഗ്‌നോന്‍ ഡു പ്രീസ് (57), അന്നെ ബോഷ് (58) എന്നിവരാണ് വിജയത്തിലേക്കുള്ള ഇന്നിങ്സ് കളിച്ചത്.

ഇരുവരും പുറത്തായെങ്കിലും മരിസാനെ കാപ്പ് (36), നാദിന്‍ ഡി ക്ലര്‍ക്ക് (19) എന്നിവര്‍ വിജയത്തിലേക്ക് നയിച്ചു. രാജേശ്വരി ഗെയ്കവാദ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, 79 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

30 റണ്‍സെടുത്ത് നില്‍ക്കെ ഹര്‍മന്‍പ്രീത് കൗര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. സ്മൃതി മന്ഥാന (18), പ്രിയ പൂനിയ (18), പൂനം റാവത്ത് (10), ഹേമലത (2), സുഷമ വര്‍മ (0), ജുലന്‍ ഗോസ്വാമി (5), മോണിക പട്ടേല്‍ (9), പ്രത്യുഷ (2), രാജേശ്വരി ഗെയ്കവാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നാദിന്‍ ഡി ക്ലാര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാന്‍ഗാസെ, സെഖുഖുനെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

Top