ദക്ഷിണാഫ്രിക്ക – ഇന്ത്യ ടി20: രണ്ടാം മത്സരം നാളെ

ക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യിലെ ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തിയിരുന്നു. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം. നാളെ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതിലൂടെ പരമ്പര നേട്ടവും. മത്സരത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡിലെ ആദ്യ മത്സരം സുഗമമാക്കി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഗുവാഹത്തിയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാല്‍ മഴ പെയ്യാന്‍ 20 ശതമാനം സാധ്യത മാത്രമേയുള്ളൂ.

ഇതിന് മുമ്പ് 21 തവണ ഇരു ടീമുകള്‍ ടി20യില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യയുടെ പേരിലാണ്. 12 വിജയങ്ങള്‍ ഇന്ത്യ അക്കൗണ്ടിലാക്കി. എട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല.

ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. അധികം റണ്‍സൊഴുകുന്ന പിച്ച് അല്ല ഗുവാഹത്തിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ മുമ്പൊരിക്കല്‍ മാത്രമാണ് ഗുവാഹത്തിയില്‍ കളിച്ചിട്ടുള്ളത്. അന്ന് ഓസ്‌ട്രേലയക്കെതിരെ 122 റണ്‍സിന് പുറത്താവുകയും ചെയ്തു. ഓസീസ് അനായാസം വിജയിക്കുകയും ചെയ്തു.

നാളെ വൈകിട്ട് ഏഴ് മണിക്ക് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആണ് ഇന്ത്യയിലെ മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. ഡിസ്‌നി+ ഹോട്സ്റ്റാറിലൂടെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

സാധ്യതാ ഇലവന്‍ ; ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റിലീ റൂസ്സോ, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കഗിസോ റബാദ, തബ്രിസ് ഷംസി, ആന്റിച്ച് നോര്‍ജെ.

Top