മഴ മൂലം ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ കളി ഉപേക്ഷിച്ചു

കേപ്ടൗണ്‍: മഴമൂലം ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ കളി ഉപേക്ഷിച്ചു. ചായയ്ക്കുശേഷം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ച് കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലാം ദിനം രാവിലെ പത്തരയ്ക്ക് കളി പുനഃരാരംഭിക്കും. മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചതിനാല്‍ നാലാം ദിവസം 98 ഓവറാണ് കളി നിശ്ചയിച്ചിട്ടുള്ളത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 209 റണ്‍സിന് പുറത്താക്കി 77 റണ്‍സിന്റെ ലീഡ് നേടിയ ദക്ഷിണാഫ്രിക്ക, രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലായിരുന്നു.

എട്ടു വിക്കറ്റുകള്‍ കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കക്ക് 142 റണ്‍സ് ലീഡുണ്ട്. ഹാഷിം അംല (നാല്), കഗീസോ റബാഡ (രണ്ട്) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ മാര്‍ക്രാം (34), എല്‍ഗാര്‍(25) എന്നിവരാണ് പുറത്തായത്. ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ച വച്ച പാണ്ഡ്യ തന്നെയാണ് ഇരുവരുടെയും വിക്കറ്റുകള്‍ നേടിയതും.

Top