ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20; പരമ്പര സമനിലയാക്കാന്‍ ഇന്ത്യ, ടീമില്‍ മാറ്റം ഉണ്ടാകും

ജൊഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ അവസാന ടി20 മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. രാത്രി 8.30ന് ന്യൂ വാന്‍ഡറേര്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നില്‍. ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. നാളെ പരമ്പര ഉറപ്പിക്കാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇന്ത്യ പരമ്പര സമനിലയിലാക്കാനും. വാന്‍ഡറേര്‍സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രണ്ടാം ടി20യില്‍ ഓപ്പണര്‍മാരായ യഷസ്വി ജെയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും പരാജയമായിരുന്നു. ഇരുവര്‍ക്കും റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. അസുഖത്തെ തുടര്‍ന്ന് പ്ലയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന റുതുരാജ് ഗെയ്കവാദിന് പകരമാണ് ഗില്‍ എത്തിയത്. റുതുരാജ് പൂര്‍ണ കായികക്ഷമത വീണ്ടെടുത്താല്‍ ഗില്‍ പുറത്താവും. ജെയസ്വാള്‍ തുടരും. കഴിഞ്ഞ ടി20യില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത തിലക് വര്‍മ മൂന്നാമത് തുടരും. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.

റിങ്കു സിംഗിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടില്ല. കഴിഞ്ഞ മത്സരത്തില്‍ 39 പന്തില്‍ പുറത്താവാതെ 68 റണ്‍സാണ് റിങ്കു നേടിയത്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ മുന്‍ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ടീമില്‍ തുടരും. ഇഷാന്‍ കിഷന്‍ വീണ്ടും പുറത്തിരിക്കും. രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറായി കളിക്കും. പേസ് ഡിപാര്‍ട്ട്‌മെന്റില്‍ മാറ്റത്തിന് സാധ്യതയേറെയാണ്. അര്‍ഷ്ദീപ് സിംഗിന് പകരം ദീപക് ചാഹറിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ് തുടരും. സ്പിന്നറായി കുല്‍ദീപ് യാദവും.

ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജെയ്‌സ്വാ, ശുഭ്മാന്‍ ഗില്‍ / റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Top