ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് ഏകദിനം; ആദ്യ മത്സരം നാളെ

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. ഇന്നലെ നടക്കേണ്ട ആദ്യ ഏകദിനം ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ മാറ്റി വെക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്‌ച നടത്തിയ പരിശോധനയില്‍ ബാക്കി താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും ഫലം നെഗറ്റീവായതോടെയാണ് മത്സരം ഞായറാഴ്ച നടത്താൻ തീരുമാനിച്ചത്. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി മറ്റ് രണ്ട് മത്സരങ്ങളും നടത്താനാണ് ആലോചന.

അതേസമയം രോഗബാധിതനായ താരം ആരെന്നോ എങ്ങനെയാണ് കൊവിഡ് പിടിപെട്ടത് എന്നോ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ലായിരുന്നു. മത്സരം ആരംഭിക്കേണ്ടതിന് ഒരു മണിക്കൂര്‍ മാത്രം മുമ്പാണ് മാറ്റിവെക്കാനുള്ള തീരുമാനം പുറത്തുവന്നത്. ഇംഗ്ലണ്ട് ടീം മത്സരവേദിയായ ന്യൂലന്‍ഡ്‌സില്‍ എത്തിയ ശേഷമായിരുന്നു അറിയിപ്പ്. നേരത്തെ ടി20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു.

Top