South Africa v England: second Test, day two – as it happened

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ വേദനകള്‍ക്കു മേലെ റണ്‍സിന്റെ കൊട്ടാരം പണിതു രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. റെക്കോര്‍ഡുകള്‍ കൊഴിഞ്ഞു വീണ രണ്ടാം ദിനത്തില്‍ ആറു വിക്കറ്റിന് 629 റണ്‍സിന്റെ കൂറ്റന്‍സ്‌കോറില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

258 റണ്‍സെടുത്തു ബെന്‍ സ്റ്റോക്‌സും 150 റണ്‍സെടുത്തു പുറത്താകാതെ നിന്ന ബെയര്‍‌സ്റ്റോയും കത്തിക്കയറി. ചായസമയത്ത് ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെടുത്തിട്ടുണ്ട്. സ്റ്റോക്‌സും ബെയര്‍‌സ്റ്റോയും ചേര്‍ന്നു നേടിയ 399 റണ്‍സ് ആറാം വിക്കറ്റില്‍ ടെസ്റ്റ് ക്രിക്കറ്റ് റെക്കോര്‍ഡാണ്.

കൂടാതെ 196 പന്തുകളില്‍ സ്റ്റോക്‌സ് നേടിയ 250 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയതാണ്. 163 പന്തുകളില്‍ സ്റ്റോക്‌സ് ഇരട്ടസെഞ്ചുറിയിലെത്തി. ഇത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണ്. 153 പന്തുകളില്‍ ഇരട്ട സെഞ്ചുറി നേടിയ കിവീസ് താരം നഥാന്‍ ആസിലിന്റെ പേരിലാണ് റെക്കോര്‍ഡ്.

സ്റ്റോക്‌സിന്റെ ഇന്നിങ്‌സില്‍ മൊത്തം 30 ബൗണ്ടറിയും 11 സിക്‌സറുംഉണ്ടായിരുന്നു. സിക്‌സറുകളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് താരത്തിന്റെ റെക്കോര്‍ഡാണ് സ്റ്റോക്‌സ് കുറിച്ചത്. ബെയര്‍‌സ്റ്റോയുടെ ആദ്യ സെഞ്ചുറിയാണ്. 191 പന്തുകളില്‍ 18 ഫോറും രണ്ടു സിക്‌സറുമായി ബെയര്‍‌സ്റ്റോ 150 റണ്‍സിലെത്തിയതിനു തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

Top