മുപ്പത് മണിക്കൂര്‍ നീണ്ട പരിശ്രമം; ഒടുവില്‍ സ്വര്‍ണ്ണഖനിയില്‍ നിന്ന് 955 പേരും പുറത്തേക്ക്

miner_escape

വെല്‍കോം : സൗത്ത് ആഫ്രിക്കയിലെ സ്വര്‍ണ ഖനിയില്‍ അകപ്പെട്ട 955 പേരെയും അപകടം കൂടാതെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഖനി ഉടമ സിബന്യെയാണ് ഇക്കാര്യം അറിയിച്ചത്. ടുണീഷ്യയ്ക്ക് അടുത്തുള്ള വെല്‍കോമിലെ ബിയാട്രക്‌സ് സ്വര്‍ണ ഖനിയിലാണ് സംഭവം.

കഴിഞ്ഞ ഒന്നര ദിവസമായി തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. മുപ്പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്. വെള്ളം കിട്ടാത്തതും, ചിലര്‍ക്ക് ബിപി കൂടിയതുമൊഴിച്ചാല്‍ ഖനിക്കുളളില്‍ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ അറിയിച്ചു.

കനത്ത കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യൂതി നിലച്ചതിനെ തുടര്‍ന്ന് ലിഫ്റ്റ് കേടാവുകയായിരുന്നു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങാന്‍ തുടങ്ങിയ തൊഴിലാളികളാണ് ഖനിക്കുള്ളില്‍ കുടുങ്ങിയത്. കുറേ നേരത്തെ ശ്രമത്തിനിടയില്‍ വൈദ്യുതി പുന:സ്ഥാപിച്ചതിനു ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയിലെത്തിക്കാനായി നിരവധി ആംബുലന്‍സുകളും എത്തിച്ചേര്‍ന്നിരുന്നു. ആര്‍ക്കും വലിയ പ്രശ്‌നമൊന്നും സംഭവിക്കാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു.

തൊഴിലാളികളുടെ കുടുംബങ്ങള്‍ തുടക്കത്തില്‍ ബഹളം വച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം നടക്കുന്നതുവരെ ആശങ്കയോടെ ഖനിയുടെ സമീപത്ത് കാത്തിരിക്കുകയായിരുന്നു.

Top