കോവിഡ്; ഇന്ത്യക്കാര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ വിലക്ക് തുടരും

ജൊഹാന്നസ്ബര്‍ഗ്: കോവിഡ് വ്യാപനംമൂലം നിര്‍ത്തിവച്ച അന്താരാഷ്ട്ര ഗതാഗതം പുനരാരംഭിക്കാന്‍ ഒരുങ്ങി ദക്ഷിണാഫ്രിക്ക.എന്നാല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം വിലക്കിയേക്കും.ഒക്ടോബര്‍ ഒന്നുമുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അടുത്ത ഇളവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക.എന്നാല്‍ പ്രതിദിന കോവിഡ് കേസുകളും മരണവും ഏറ്റവും കൂടുതല്‍ ഇന്ത്യയിലായതിനാല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കേണ്ടെന്ന നിലപാടിലാണ് ദക്ഷിണാഫ്രിക്ക.

ബ്രിക്സ് കൂട്ടായ്മയിലെ അംഗമായ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റ് അംഗരാജ്യങ്ങള്‍ക്ക് ഇളവ് നല്‍കണം എന്നുണ്ട്. ചൈന കോവിഡ് തീര്‍ത്തും നിയന്ത്രിച്ചതിനാല്‍ പ്രശ്നമില്ല. അവിടെ അവസാന കോവിഡ് മരണം ഉണ്ടായത് നാല് മാസം മുമ്പാണ്. റഷ്യയും ഒരു പരിധിവരെ നിയന്ത്രിച്ചു. ബ്രസീല്‍ ആഗോള മരണത്തില്‍ രണ്ടാംസ്ഥാനത്താണെങ്കിലും അല്‍പ്പം അയവുണ്ട്. എന്നാല്‍, ഇന്ത്യയില്‍ സ്ഥിതി രൂക്ഷമാണ്.

വിലക്ക് തുടരേണ്ട രാജ്യങ്ങളുടെ പട്ടിക മറ്റ് മന്ത്രാലയങ്ങളുമായി ആലോചിച്ച് ആരോഗ്യമന്ത്രാലയം തയ്യാറാക്കിവരികയാണ്. അടുത്തയാഴ്ച ആദ്യത്തോടെ ഇത് പൂര്‍ത്തിയാകും. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും വിലക്കുള്ളവയുടെ പട്ടികയില്‍ ഉണ്ടാകും എന്നാണ് സൂചന. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ആര്‍ക്കൊക്കെ പ്രവേശനം അനുവദിക്കണം എന്ന് തീരുമാനിക്കുക എന്ന് വിനോദസഞ്ചാര മന്ത്രി മാമലോകോ കുബായി എന്‍ഗുബാനെ പറഞ്ഞു.

Top