ബംഗ്ലാദേശിനെ തോൽപ്പിച്ച് സെമി സാധ്യത സജീവമാക്കി ദക്ഷിണാഫ്രിക്ക

അബുദാബി: ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്ക മുന്നോട്ട്. സൂപ്പര്‍ 12 ഗ്രൂപ്പ് ഒന്നില്‍ മൂന്നാം ജയത്തോടെ രണ്ടാമതെത്തി സെമിസാധ്യതകള്‍ സജീവമാക്കി. നാലിലും തോറ്റ ബംഗ്ലാദേശ് പുറത്തായി. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കഗീസോ റബാദയുടെയും ആന്റിച്ച് നോര്‍ത്യെയുടെയും മാരകപന്തുകള്‍ക്കുമുന്നില്‍ തലകുനിച്ച ബംഗ്ലാദേശ് 84 റണ്ണിന് പുറത്തായി. മറുപടിയില്‍ 39 പന്ത് ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്ക ജയം കണ്ടു. റബാദയും നോര്‍ത്യെയും മൂന്നുവീതം വിക്കറ്റുകള്‍ നേടി.

സ്‌കോര്‍: ബംഗ്ലാദേശ് 84 (18.2) ദ. ആഫ്രിക്ക 4-86 (13.3). നാല് കളിയില്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റായി ദക്ഷിണാഫ്രിക്കയ്ക്ക്. നാലിലും ജയിച്ച് സെമി ഉറപ്പിച്ച ഇംഗ്ലണ്ടാണ് ഒന്നാമത്. ഒരു കളി കുറവുള്ള ഓസ്ട്രേലിയ നാല് പോയിന്റോടെ മൂന്നാമതുണ്ട്.

ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് തുടര്‍ത്തോല്‍വിയുമായാണ് ബംഗ്ലാദേശ് എത്തിയത്. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ അഭാവവും അവരുടെ കളിയില്‍ നിഴലിച്ചു. മൂന്ന് ബാറ്റര്‍മാരെ രണ്ടക്കം കടന്നുള്ളു. നാലുപേര്‍ക്ക് റണ്ണെടുക്കാനായില്ല.

ഓപ്പണിങ് വിക്കറ്റില്‍ മുഹമ്മദ് നയീമും (11 പന്തില്‍ 9) ലിറ്റണ്‍ ദാസും (36 പന്തില്‍ 24) ചേര്‍ത്ത 22 റണ്ണാണ് ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. നാലാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ നയീമിനെയും ഷാക്കിബിന് പകരമെത്തിയ സൗമ്യ സര്‍ക്കാരിനെയും (0) മടക്കി റബാദയാണ് ബംഗ്ലാദേശ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഉയര്‍ച്ചയുണ്ടായില്ല. എല്ലാം വേഗത്തിലായിരുന്നു. റബാദയ്ക്കൊപ്പം നോര്‍ത്യെയും ചേര്‍ന്നതോടെ പൂര്‍ണമായി. മുഷ്ഫിഖര്‍ റഹീം (0), മഹമ്മദുള്ള (3), ആഫിഫ് ഹുസൈന്‍ (0) എന്നിവരെല്ലാം പെട്ടെന്ന് കൂടാരംകയറി. ഷമീം ഹുസൈനും (20 പന്തില്‍ 11) മഹെദി ഹസന്‍ (25 പന്തില്‍ 27) രക്ഷകരാകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കളിയിലെ താരമായ റബാദ നാലോവറില്‍ 20 റണ്‍ വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. നോര്‍ത്യെ 3.2 ഓവറില്‍ വെറും എട്ട് റണ്‍ വിട്ടുനല്‍കി.

 

Top