ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ 8 വിക്കറ്റിന് തകർത്തു

ദുബായ് : ടി20 ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ ജയം. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ തകര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ആന്‍റിച്ച്‌ നോര്‍ജെ ആണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. വിന്‍ഡീസിന് വേണ്ടി ഓപ്പണര്‍ എവിന്‍ ലൂവിസ് 35 പന്തില്‍ മൂന്നു ഫോറും ആറ് സിക്സുമടക്കം 56 റണ്‍സ് നേടി. മറ്റൊരു ഓപ്പണറായ ലെന്‍ഡല്‍ സിമ്മണ്‍സ് 35 പന്തുകള്‍ നേരിട്ടെങ്കിലും വെറും 16 റണ്‍സ് മാത്രമാണ് നേടിയത്. വിന്‍ഡീസിന് മികച്ച സ്കോര്‍ നേടാന്‍ സിമ്മണ്‍സിന്റെ ഈ പ്രകടനവും ഒരു തടസ്സമായി തീര്‍ന്നു. നിക്കോളാസ് പൂരന്‍(12), ക്രിസ് ഗെയ്ല്‍(12), റസ്സല്‍(5) എന്നിവര്‍ നിരാശപ്പെടുത്തി. വിന്‍ഡീസ് നായകന്‍ പൊള്ളാര്‍ഡ് 20 പന്തില്‍ രണ്ട് ഫോറും ഒരു സിക്സുമടക്കം 26 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രിട്ടോറിയസ് മൂന്നും മഹാരാജ് രണ്ടും റബാഡ, നോര്‍ജെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 10 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്‌ഷ്യം കണ്ടു. ആദ്യ ഓവറില്‍ നായകന്‍ ടെമ്ബ ബാവുമ്മയെ നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സ് 30 പന്തില്‍ നാല് ഫോറും ഒരു സിക്സുമടക്കം 39 റണ്‍സ് നേടി. വാന്‍ ഡെര്‍ ഡസന്‍ 51 പന്തില്‍ മൂന്ന് ഫോറുള്‍പ്പടെ 43 റണ്‍സ് നേടിയപ്പോള്‍ മാര്‍ക്രം 26 പന്തില്‍ രണ്ട് ഫോറും നാല് സിക്സുമടക്കം 51 റണ്‍സ് നേടി. ഇരുവരും പുറത്താകാതെ നിന്നു. വിന്‍ഡീസിന് വേണ്ടി അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റ് നേടി.

Top