ഓസ്ട്രേലിയയെ തുരത്തി ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര

ജൊഹന്നാസ്ബര്‍ഗ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ 122 റണ്‍സിന് ജയിച്ചാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സാണ് നേടിയത്. 93 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ടോപ് സ്‌കോറര്‍.ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഗംഭീരമായി തിരിച്ചുവരികയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 34.1 ഓവറില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മാര്‍കോ ജാന്‍സന്‍ ഓസീസിനെ തകര്‍ത്തത്. കേശവ് മഹാരാജ് നാല് വിക്കറ്റ് വീഴ്ത്തി.

പിന്നീട് മഹാരാജിന്റെ ഊഴമായിരുന്നു. ടിം ഡേവിഡിനെ (1) മഹാരാജ് ബൗള്‍ഡാക്കി. കാമറൂണ്‍ ഗ്രീനിനെ (18) മഹാരാജ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. സീന്‍ അബോട്ട് (23), ആഡം സാംപ (5) എന്നിവരും മഹാരാജിന് വിക്കറ്റ് നല്‍കി. മൈക്കല്‍ നെസറിനെ ആന്‍ഡിലെ ഫെഹ്ലുക്വായോ മടക്കിയതോടെ ഓസീസ് കൂടാരം കയറി.നേരത്തെ, മാര്‍ക്രമിന്റെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 87 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും ഒമ്പത് ഫോറും നേടി. ഡേവിഡ് മില്ലര്‍ (63), ജാന്‍സന്‍ (47), ഫെഹ്ലുക്വായോ (39) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. ക്വിന്റണ്‍ ഡി കോക്ക് (27), തെംബ ബവൂമ (0), വാന്‍ ഡര്‍ ഡസ്സന്‍ (30), ഹെന്റി്ച്ച് ക്ലാസന്‍ (6), ജെറാള്‍ഡ് കോട്സീ (0), മഹാരാജ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആഡം സാംപ മൂന്ന് വിക്കറ്റ് നേടി. അബോട്ടിന് രണ്ട് വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 34 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണര്‍ (10), ജോഷ് ഇന്‍ഗ്ലിസ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (71) – മര്‍നസ് ലബുഷെയന്‍ (44) സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരേയും ജാന്‍സന്‍ മടക്കി. 56 പന്ത് നേരിട്ട് ആറ് വീതം സിക്സും ഫോറും നേടിയ മാര്‍ഷിനെ ജാന്‍സന്‍ തേര്‍ഡ് മാനില്‍ ലുംഗി എന്‍ഗിഡിയുടെ കൈകളിലെത്തിച്ചു. ടോട്ടലിനോട് 10 റണ്‍സ് കൂട്ടിചേര്‍ത്ത് ലബുഷെയ്നും മടങ്ങി. പിന്നീട് വന്നവരില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അലക്സ് ക്യാരിയെ (2) പുറത്താക്കി ജാന്‍സന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

 

 

Top