ഉറവിടം തിരിച്ചറിയാനാവത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു; കോഴിക്കോട് നിയന്ത്രണം ശക്തമാക്കി

കോഴിക്കോട്: കോഴിക്കോട് ജൂണ്‍ 27-ന് ആത്മഹത്യ ചെയ്ത ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് നഗരത്തില്‍ നിയന്ത്രണം ശക്തമാക്കി. കല്ലായി സ്വദേശിനിയായ ഗര്‍ഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് കോഴിക്കോട് നഗരത്തില്‍ വീണ്ടും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കുന്നത്.

പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനിലെ മൂന്ന് വാര്‍ഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാര്‍ഡും കണ്ടൈന്‍മെന്റ സോണായി പ്രഖ്യാപിച്ചു. കോര്‍പറേഷന്‍ പരിധിയിലെ ഓരോ കണ്ടെയ്ന്‍മെന്റ് ഡിവിഷനില്‍ നിന്നും നാളെ 300 വീതം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം.

ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ കോഴിക്കോട് രാഷ്ട്രീയ, സാംസ്‌കാരിക യോഗങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല. ജൂണ്‍ 27-ന് ഉച്ചയ്ക്ക് വീട്ടില്‍ വച്ചു തൂങ്ങിമരിച്ച വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പരിശോധിച്ചപ്പോള്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തിലെ പിടി ഉഷ റോഡില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന കൃഷ്ണന് ഇവിടെ നിന്നാവാം കൊവിഡ് ബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

Top