സൗരവ് ഗാംഗുലിയെ പിന്തിരിപ്പിച്ചത്. . . സി.പി.എം നേതാവ് അശോക് ഭട്ടാചാര്യ

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് പശ്ചിമബംഗാളില്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഇത്തവണത്തെ പോരാട്ടത്തിന് വാശി ഏറെയാണ്. ബംഗാള്‍ ഭരണം പിടിച്ചെടുക്കുക എന്നതാണ് ബി.ജെ.പിയുടെ പരമപ്രധാനമായ ലക്ഷ്യം. അതിനു വേണ്ടി നിരവധി തൃണമൂല്‍ നേതാക്കളെ തന്നെ കാവിപ്പട റാഞ്ചിയിട്ടുണ്ട്. അക്രമസംഭവങ്ങളും വ്യാപകമായാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറെ വെല്ലുവിളി നേരിടുന്നതും ബംഗാളില്‍ തന്നെയാണ്.

മമത ഭരണത്തെ വീഴ്ത്താന്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും സകല ശക്തിയുമെടുത്താണ് രംഗത്തിറങ്ങിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുത്ത ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ തിരികെ ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. ഒരേ സമയം രണ്ടു എതിരാളികളെ നേരിടേണ്ട സാഹചര്യമാണ് ബംഗാളില്‍ ഇടതുപക്ഷ സഖ്യത്തിനുള്ളത്. അവരെ സംബന്ധിച്ച് ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇപ്പോള്‍ പരസ്പരം പോരാടിക്കുന്നുണ്ടെങ്കിലും അവസരം ലഭിച്ചാല്‍ ബി.ജെ.പിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്സ് കൂട്ടുചേരുമെന്നു തന്നെയാണ് ഇടതു സഖ്യം കരുതുന്നത്. ആദ്യ എന്‍.ഡി.എ മന്ത്രിസഭയില്‍ മമതയുടെ തൃണമൂല്‍ അംഗമായത് ചൂണ്ടിക്കാട്ടിയാണ് ഈ നിഗമനം.

അതേസമയം, ലോകസഭ തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റമാണ് ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്. ഭരണം പിടിക്കുമെന്ന പ്രതീതി ഉണ്ടാക്കിയാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുടെ പടകളും ബംഗാളില്‍ പര്യടനം തുടരുന്നത്. ഉയര്‍ത്തിക്കാട്ടാന്‍ നല്ല ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ല എന്നതാണ് ബംഗാളില്‍ ബി.ജെ.പി നേരിടുന്ന പ്രധാന വെല്ലുവിളി. ഇക്കാര്യത്തില്‍ അവരുടെ കണക്കു കൂട്ടലുകള്‍ ശരിക്കും തെറ്റിച്ചു കളഞ്ഞത് ഒരു സിപിഎം നേതാവാണ്. വടക്കന്‍ ബംഗാളിലെ സിപിഎമ്മിന്റെ കരുത്തനായ നേതാവ് അശോക് ഭട്ടാചാര്യയാണ് കാവി പ്രതീക്ഷകള്‍ തകര്‍ത്തിരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്ന സൗരവ് ഗാംഗുലിയെയാണ് ഈ സി.പി.എം നേതാവ് ഇടപെട്ട് പിന്തിരിപ്പിച്ചിരിക്കുന്നത്.

ക്രിക്കറ്റ് ആരാധകരുടെ ദാദയെപ്പറ്റി പാര്‍ട്ടിക്കാരുടെ അശോക്ദാദക്കും പറയാന്‍ ഏറെയുണ്ട്. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം തിരിച്ചറിയുന്നതില്‍ ബി.ജെ.പിക്കും വലിയ പിശകാണ് സംഭവിച്ചിരിക്കുന്നത്. ‘സൗരവിന്റെ കാര്യത്തില്‍ ബിജെപി നേതാക്കള്‍ക്ക് തന്നോടു വലിയ ദേഷ്യമുണ്ടെന്ന് അശോക് ഭട്ടാചാര്യ തന്നെ ഇപ്പോള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രവേശത്തെപ്പറ്റി സൗരവ് ഉപദേശം ചോദിച്ചപ്പോള്‍ രാഷ്ട്രീയം വേണ്ടെന്ന മറുപടി താന്‍ നല്‍കിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് തന്നോട് ബിജെപി നേതൃത്വത്തിന് ദേഷ്യം തോന്നിയിട്ട് ഒരു കാര്യവുമില്ലെന്നതാണ് ഭട്ടാചാര്യയുടെ നിലപാട്.

സൗരവ് ഗാംഗുലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊല്‍ക്കത്ത റാലിയില്‍ പങ്കെടുക്കുമെന്നും ബിജെപിയില്‍ ചേരുമെന്നും അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍, ബി.ജെ.പി നേതൃത്വത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് അദ്ദേഹം റാലിയില്‍ പങ്കെടുക്കാതെ ഒടുവില്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്ന് ഗാംഗുലി പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുകയുമുണ്ടായി. ബിജെപിക്കു നല്ല നേതാക്കളോ സ്ഥാനാര്‍ഥികളോ ഇല്ലെന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും ആളുകളെ കടത്തിക്കൊണ്ടു പോകുകയാണ് അവര്‍ ചെയ്യുന്നതെന്നുമാണ് മുന്‍ മന്ത്രികൂടിയായ അശോക് ഭട്ടാചാര്യ തുറന്നടിച്ചിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി വന്‍ വിജയമായതും ഈ കമ്യൂണിസ്റ്റിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തൃണമൂലിനും ബി.ജെ.പിക്കും എതിരെ ഇത്തവണ ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വവും അവകാശപ്പെട്ടിരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷ് ഉള്‍പ്പെടെയുള്ള കരുത്തുറ്റ യുവനിരയെ സി.പി.എം കളത്തിലിറക്കിയതും ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തി തന്നെയാണ്.

 

Top