ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു

മുംബൈ: ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. ഇക്കാര്യം ബി.സി.സി.ഐ ട്വിറ്ററിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു.ബി.സി.സി.ഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറി ആയും ചുമതലയേറ്റു. ബി.സി.സി.ഐയുടെ ഭാരവാഹിയാകുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്ജ്.ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായും ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനായ അരുണ്‍ ധുമല്‍ ട്രഷറര്‍ ആയും പദവിയേറ്റെടുത്തു.

മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.

Top