വിവോയുടെ പിന്മാറ്റം കാര്യമാക്കേണ്ടെന്ന് സൗരവ് ഗാംഗുലി

ന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്‍മാറിയത് കാര്യമാക്കേണ്ടതില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

‘ഇതിനെ സാമ്പത്തിക പ്രതിസന്ധി എന്നൊന്നും വിളിക്കാന്‍ പറ്റില്ല. സ്ഥിരം പാതയില്‍ നിന്നുള്ള നേരിയ വ്യതിയാനം മാത്രമാണിത്. ബിസിസിഐ വളരെ കെട്ടുറപ്പുള്ളൊരു പ്രസ്ഥാനമാണ്. ഇത്തരം ചെറിയ പ്രശ്നങ്ങള്‍ അനായാസം മറികടക്കാന്‍ ബിസിസിഐയ്ക്ക് കഴിയും.

ഒരു വഴി അടഞ്ഞാല്‍ മറ്റു വഴികള്‍ തുറക്കുക എന്നതാണ് പ്രധാനം. അതായത് പ്ലാന്‍ എ പാളിയാല്‍ പ്ലാന്‍ ബി ഉള്ളതുപോലെ. വിവരമുള്ളവര്‍ ഈ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുക. വലിയ നേട്ടങ്ങള്‍ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ കൈവരുന്നതല്ല. നീണ്ട കാലത്തെ തയാറെടുപ്പുകള്‍ ചെറിയ നഷ്ടങ്ങള്‍ സഹിക്കാനും നമ്മെ പ്രാപ്തരാക്കും.’ ഗാംഗുലി പറഞ്ഞു.

അതേസമയം, ഐപിഎല്ലിലെ മുഖ്യ സ്‌പോണ്‍സര്‍മാരാകാന്‍ നിരവധി കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും മുന്നിലുള്ളത് ഓണ്‍ലൈന്‍ വിപണനക്കാരായ ആമസോണാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടുപിന്നാലെ അണ്‍അക്കാദമി, മൈസര്‍ക്കിള്‍ 11 എന്നീ കമ്പനികളും സജീവമായി രംഗത്തുണ്ട്. നിലവിലെ ഇന്ത്യയുടെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായ ബൈജൂസും ഐപിഎല്‍ സ്‌പോണ്‍സര്‍മാരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, നിലവിലെ സ്പോണ്‍സര്‍ വിവോ തല്‍സ്ഥാനത്തു നിന്ന് പിന്മാറിയതായി ബിസിസിഐ സ്ഥിരീകരിച്ചിരുന്നു.
2017ല്‍ 2199 കോടി രൂപയ്ക്കാണ് വിവോ ഇന്ത്യ ഐപിഎല്‍ കിരീട സ്പോണ്‍സര്‍മാരായുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടത്. നിലവില്‍ 2022ലാണ് ഈ കരാര്‍ പൂര്‍ത്തിയാകുക. ഓരോ വര്‍ഷവും വിവോ ലീഗിന് 440 കോടി രൂപ നല്‍കുന്നുമുണ്ട്. പെപ്സിക്കു പകരമാണ് വിവോ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരായത്.

Top