ക്വാറന്റൈന്‍ സൗകര്യത്തിന് ഈഡന്‍ ഗാര്‍ഡന്‍സ് വിട്ടുനല്‍കാന്‍ തയ്യാര്‍; ഇതാണ് നമ്മുടെ ദാദ!

രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഒന്നായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് കൊറോണാവൈറസിന് എതിരായ പോരാട്ടത്തിനായി തുറന്നുനല്‍കാന്‍ തയ്യാറാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈഡന്‍ ഗാര്‍ഡന്‍സിന്റെ ഇന്‍ഡോര്‍ സൗകര്യങ്ങളും, കളിക്കാര്‍ക്ക് വേണ്ടിയുള്ള ഡോര്‍മറ്ററിയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാമെന്നാണ് ഗാംഗുലി അറിയിച്ചിരിക്കുന്നത്.

കൊറോണാവൈറസ് രാജ്യത്ത് പത്തിലേറെ പേരുടെ ജീവനെടുത്ത് അഞ്ഞൂറോളം പേര്‍ക്ക് ഇന്‍ഫെക്ഷന്‍ നല്‍കി മുന്നേറുമ്പോഴാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച ആ മുന്‍ ക്യാപ്റ്റന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
‘സര്‍ക്കാര്‍ ഞങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടാല്‍ സൗകര്യങ്ങള്‍ കൈമാറാന്‍ തയ്യാറാണ്. ഈ സമയത്ത് എന്ത് ആവശ്യം വന്നാലും ഞങ്ങള്‍ ചെയ്യും, അതിന് യാതൊരു പ്രശ്‌നവുമില്ല’, ഗാംഗുലി വ്യക്തമാക്കി.

നേരത്തെ പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷനും തുതിപേട്ട് ക്യാംപസിലെ സൗകര്യങ്ങള്‍ സംസ്ഥാനത്തെ കൊറോണാവൈറസ് രോഗികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ വിട്ടുനില്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നു. വൈറസ് കൂടുതല്‍ പടരുന്നത് ഒഴിവാക്കാനും, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും 21 ദിവസത്തെ അടച്ചുപൂട്ടലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തിരക്കൊഴിഞ്ഞ കൊല്‍ക്കത്തയിലെ തെരുവുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് തന്റെ വേദന സൗരവ് ഗാംഗുലി പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ കൂടുതല്‍ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്, മരണസംഖ്യയിലും സംസ്ഥാനം തന്നെയാണ് മുന്നില്‍.

Top