ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-20: ന്യൂഡല്‍ഹി തന്നെ വേദിയാകുമെന്ന് സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി-20യ്ക്ക് ന്യൂഡല്‍ഹി തന്നെ വേദിയാകുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോട്ലയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഞായറാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് മത്സരം ആരംഭിക്കുമെന്ന് എ.എന്‍.ഐയോട് സൗരവ് ഗാംഗുലി വ്യക്തമാക്കി.

ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷ വായുവില്‍ മാലിന്യത്തിന്റെ അളവ് വന്‍തോതില്‍ വര്‍ധിച്ചതോടെ വേദി മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു.ഇക്കാര്യം വ്യക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗാംഗുലിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.ഡല്‍ഹിയില്‍ മത്സരം ഒരുകാരണവശാലും നടത്തരുത് എന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.

ക്രിക്കറ്റ് അടക്കമുള്ള ഒരു കായികമത്സരവും നടത്താനുള്ള സാഹചര്യമല്ല ദില്ലിയില്‍ ഇപ്പോഴുള്ളത്. മലിനീകരണം നിയന്ത്രണവിധേയമാകും വരെ മത്സരങ്ങള്‍ ഒന്നും നടത്താന്‍ പാടില്ല. അന്തരീക്ഷ മലിനീകരണമാണ് ദില്ലി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മുതിര്‍ന്നവരും കുട്ടികളും അടക്കമുള്ളവര്‍ മലിനീകരണത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്നും ഗൗതം ഗംഭീര്‍ പറഞ്ഞത്.

അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ന് ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ് മാസ്‌ക് ധരിച്ചാണ് പരിശീലനത്തിന് ഇറങ്ങിയത്. 2017 ഡിസംബറില്‍ ഇവിടെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ശ്രീലങ്കന്‍ താരങ്ങള്‍ മലിനീകരണത്തെ ചെറുക്കാന്‍ മാസ്‌ക് ധരിച്ച് കളിച്ചത് വന്‍ നാണക്കേടുണ്ടാക്കിയിരുന്നു.

Top