ബിസിസിഐയുടെ പുതിയ സാരഥി ഗാംഗുലി; മലയാളിയായ ജയേഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറി

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ബി.സി.സി.ഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ബി.സി.സി.ഐ. യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്‌ഠ്യേന നിര്‍ദേശിക്കപ്പെട്ടിരുന്നു.

ബിസിസിഐയുടെ മറ്റ് സ്ഥാനങ്ങളിലേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി.

അതേസമയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ബി.സി.സി.ഐ.യുടെ ജോയന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എസ്.കെ നായര്‍, ടി.സി. മാത്യു എന്നിവരാണ് ഇതിന് മുന്‍പ് ബി.സി.സി.ഐയില്‍ ഭാരവാഹികളായ മലയാളികള്‍.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ തന്റെ പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിനായിരിക്കുമെന്ന് ഗാംഗുലി പ്രതികരിച്ചു. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ മാസം 23ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാവും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

Top