കൊഹ്ലിപ്പട നേടിയ വിജയമോ, 2003-04ലെ സമനിലയോ, ഏതാണ് മികച്ചത്?; ഗാംഗുലി പറയുന്നു

കൊല്‍ക്കത്ത: ഓസിസ്-ഇന്ത്യ ടെസ്റ്റില്‍ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ മുമ്പ് നടന്ന നേട്ടങ്ങളുമായി ആ വിജയത്തെ താരതമ്യം ചെയ്യുകയാണ് കായിക ലോകം. ഇപ്പോള്‍ ഇതാ 2003-04ലെ പര്യടനത്തില്‍ ഇന്ത്യയുടെ നായകനായ സൗരവ് ഗാംഗുലിയോട് കളികളെ താരതമ്യം ചെയ്യാനാവശ്യപ്പെട്ടിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍.

2003-04 പര്യടനത്തില്‍ ഇന്ത്യ 1-1ന് സമനില പിടിച്ചിരുന്നു. പക്ഷേ രണ്ട് സമയത്തെയും കളികള്‍ തമ്മില്‍ താരതമ്യം ചെയ്തുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു ഗാംഗുലി.

അന്നത്തെ കളിയും കൊഹ്ലി നയിച്ച ഇന്നത്തെ കളിയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ഗാംഗുലിയുടെ ഉത്തരം. താരതമ്യത്തിന് ഞാനില്ലെന്നും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്കാവില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഗാംഗുലി അഭിനന്ദിച്ചു.

റിഷഭ് പന്ത് ഭാവിയിലേക്കുള്ള കരുതലാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന ഒരു തകര്‍പ്പന്‍ താരമാണ് റിഷഭ് പന്ത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനമായിരുന്നു പന്തിന്റേത്. ഭാവിയില്‍ അവന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നും ഗാംഗുലി പറഞ്ഞു. ജസ്പ്രീത് ബുംറ, ചേതേശ്വര്‍ പൂജാര എന്നിവരുടെയും പ്രകടനത്തേയും ഗാംഗുലി പ്രശംസിച്ചു. ഇരുവരും പരമ്പര വിജയത്തില്‍ വലിയ പങ്കുവഹിച്ചുവെന്നും ഗാംഗുലി പറഞ്ഞു.

Top