സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കിയതായി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വിക്രാന്ത് ഗുപ്തയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് ഗാംഗുലി ഏഷ്യാ കപ്പ് റദ്ദാക്കിയതായി അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഗാംഗുലി തയാറായില്ല.

കൊവിഡ് 19 മഹാമാരിക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ഏതായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഗാംഗുലി പറഞ്ഞു. തയാറെടുപ്പുകളെല്ലാം നടത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് മാത്രമെ മത്സരങ്ങള്‍ എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയൂ എന്ന് പറയാനാവു. നിലവില്‍ കളിക്കാരുടെ സുരക്ഷക്കും ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി അന്തിമ തീരുമാനം പ്രഖ്യാപിച്ചശേഷമെ ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും ഗാംഗുലി പറഞ്ഞു. ടി20 ലോകകപ്പ് മാറ്റിവെച്ചാല്‍ ഐപിഎല്‍ നടത്താന്‍ വഴി തെളിയും. ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ശ്രമിക്കുന്നത്. ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നുതന്നെയാണ് എന്റെ ഉറച്ച വിശ്വാസം. കാരണം എല്ലാ രാജ്യങ്ങളും ടൂര്‍ണമെന്റ് മാറ്റിവെക്കണമെന്ന ആവശ്യം ഐസിസിക്ക് മുമ്പാകെ വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഈ മാസം പകുതിയോടെ തീരുമാനം അറിയാനാകുമെന്നും ഗാംഗുലി പറഞ്ഞു.

Top