സൗമ്യയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസ് മരണത്തിന് കീഴടങ്ങി

ആലപ്പുഴ: വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതി മരിച്ചു. ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സിപിഒ എന്‍.എ.അജാസ് ആണ് മരിച്ചത്.

അജാസിനെ ഇന്നലെ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം ഗണ്യമായി കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്ന് കുത്തിവെച്ചെങ്കിലും അതിനോട് പ്രതികരിച്ചിരുന്നുമില്ല.

സൗമ്യയെ തീവച്ചു കൊലപ്പെടുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് അജാസ് മൊഴി നല്‍കിയിരുന്നു. സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യം. മജിസ്ട്രേട്ടിനു നല്‍കിയ മൊഴിയിലാണ് പ്രതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ അജാസിന്റെ നില കഴിഞ്ഞ 2 ദിവസമായി ഗുരുതരമായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്പാകരനെ(31) വെട്ടിപരിക്കേല്‍പ്പിച്ച ശേഷം അജാസ് പെട്രോളൊഴിച്ച് തീകൊളുത്തികൊലപ്പെടുത്തിയത്. തഴവ സ്‌കൂളില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതിയശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്കുവരികയായിരുന്നു സൗമ്യ. വീട്ടിലേക്കുള്ള ഇടവഴിയില്‍വെച്ച്, പിന്നാലെ കാറിലെത്തിയ അജാസ് സൗമ്യയെ ഇടിച്ചുവീഴ്ത്തി. പ്രാണരക്ഷാര്‍ഥം തൊട്ടടുത്തുള്ള യൂബ്രാ മന്‍സിലില്‍ മുസ്തഫയുടെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കവേ പിന്നാലെ പാഞ്ഞെത്തിയ ഇയാള്‍ മുറ്റത്തിട്ട് വടിവാള്‍ കൊണ്ട് സൗമ്യയെ വെട്ടിവീഴ്ത്തി.

കഴുത്തിനും തലയുടെ പിന്‍ഭാഗത്തുമാണു വെട്ടേറ്റത്. നിലത്തുവീണ സൗമ്യയുടെ ദേഹത്തും സ്വന്തം ദേഹത്തും അജാസ് പെട്രോളൊഴിച്ചു. തുടര്‍ന്ന് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയത്ത് സമീപത്തെങ്ങും ആരുമുണ്ടായിരുന്നില്ല. അലര്‍ച്ചയും ബഹളവും കേട്ടു വീട്ടുകാര്‍ നോക്കിയപ്പോള്‍ രണ്ട് തീഗോളങ്ങളാണു കണ്ടത്. ബഹളംകേട്ട് സമീപവാസികള്‍ ഉള്‍പ്പെടെ ഓടിയെത്തിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു.

Top