സൗമ്യ വധക്കേസ് തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി വിശാല ബെഞ്ചിന്‌

ന്യൂഡല്‍ഹി: സൗമ്യ വധക്കേസിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി വിശാല ബെഞ്ച് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വ്യാഴാഴ്ച സുപ്രീം കോടതി ചേംബറിലാണ് വാദം കേള്‍ക്കുക്.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര , ജെ. ചലമെശ്വര്‍ എന്നിവര്‍ക്കൊപ്പം നേരത്തെ കേസില്‍ വിധി പ്രസ്ഥാപിച്ച രഞ്ജന്‍ ഗോഗോയി, പി.സി പന്ത് , യു.യു ലളിത് എന്നിവര്‍ അടങ്ങുന്നതാണ് ബെഞ്ച്.

സൗമ്യയുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ടു മുറിവുകളില്‍ ഒന്നിന്റെ ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി മാനഭംഗപ്പെടുത്തിയതും കോടതി ശരിവച്ചിരുന്നു.

എന്നാല്‍, സൗമ്യ ട്രെയിനില്‍നിന്നു വീണതു മൂലമുണ്ടായ മുറിവിന്റെ ഉത്തരവാദിത്വം ഗോവിന്ദച്ചാമിയില്‍ ആരോപിക്കാന്‍ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്.

സര്‍ക്കാരിന്റേയും സൗമ്യയുടെ അമ്മയുടെയും പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ പതിനൊന്നിനു തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണു തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയായിരുന്നു സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സാക്ഷ്യപ്പെടുത്തിയത്. കേസില്‍ പരസ്യവാദം വേണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Top