Soumya murder case; Katju ready to offer legal advice to Kerala government

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ നിയമോപദേശം തേടും.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

സുപ്രീംകോടതിയുടെ വിധിന്യായം കടുത്ത പിഴവുകളുള്ളതാണെന്നാണ് കട്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നത്. കൊലപാതകക്കുറ്റത്തില്‍നിന്ന് ഗോവിന്ദച്ചാമിയെ ഒഴിവാക്കാന്‍ കോടതി ആശ്രയിച്ചത് കേട്ടുകേള്‍വിയെ ആശ്രയിച്ച് രണ്ടുപേര്‍ നല്‍കിയ മൊഴിയാണ്. ഇതു തെളിവായി കണക്കാക്കാന്‍ കഴിയാത്ത മൊഴികളാണ്. സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും കട്ജു ആവശ്യപ്പെട്ടിരുന്നു.

കട്ജുവിന്റെ ഈ അഭിപ്രായം പുറത്ത് വന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഏറ്റവും കര്‍ക്കശക്കാരനായ ജഡ്ജിയായി അറിയപ്പെട്ടിരുന്ന കട്ജുവിന്റെ സഹായം തേടാന്‍ നിയമവകുപ്പ് ആലോചിക്കുന്നത്. നിയമമന്ത്രി എ കെ ബാലന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ്. മുഖ്യമന്ത്രി പിണറായിയുമായും അഡ്വ.ജനറലുമായും കൂടിക്കാഴ്ച നടത്തി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.

സുപ്രീംകോടി വിധിക്കെതിരെ കുറ്റമറ്റ റിവ്യു ഹര്‍ജി നല്‍കാനാണ് നിയമവകുപ്പിന് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി കേസ് വാദിച്ച സുരേശനെ അഭിഭാഷക ടീമില്‍ ഉള്‍പ്പെടുത്താനും തത്ത്വത്തില്‍ ധാരണയായിട്ടുണ്ട്.

Top