soumya murder case-govinda chami-escape-investigation officer-fault

ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ കൊലക്കയര്‍ അഴിച്ചത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നു തെളിയുന്നു. പ്രധാന സാക്ഷിയെ ഹാജരാക്കാന്‍ കഴിയാതിരുന്നതും ദുര്‍ബലമായ സാക്ഷിമൊഴികളുമാണ് കേസിനെ ദുര്‍ബലമാക്കിയത്.

നിലവിലെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ ലഭിക്കാനുള്ള കുറ്റം തെളിയിക്കാനായില്ലെന്നു വിലയിരുത്തിയാണ് കോടതി വധശിക്ഷ ഒഴിവാക്കി ബാക്കി ശിക്ഷകളെല്ലാം നിലനിര്‍ത്തിയത്. സൗമ്യയെ ഗുരുതരമായി മുറിവേല്‍പിച്ചതിന് ഏഴു വര്‍ഷം തടവും നല്‍കി.

സൗമ്യ ട്രെയിനില്‍ നിന്നു ചാടുന്നതു കണ്ടെന്നു പറഞ്ഞ മധ്യവയസ്‌കനെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു സാധിക്കാതെ വന്നതാണ് കേസില്‍ വീഴ്ചയായത്.

കേസിലെ നാലാം സാക്ഷിയായ ടോമിയോടു ഒരു മധ്യവയസ്‌കനാണ് ഒരു സ്ത്രീ വനിതാ കംപാര്‍ട്ട്‌മെന്റിലെ കിഴക്കേ വാതിലിലൂടെ ചാടി രക്ഷപ്പെടുന്നതു കണ്ടെന്നു പറഞ്ഞത്.

ഈ മൊഴി ടോമി അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിരുന്നു. ടോമി ദേവസിയും 40-ാം സാക്ഷി അബ്ദുല്‍ ഷുക്കൂറും നല്‍കിയ മൊഴികള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും പൂര്‍ണമായി അംഗീകരിച്ചെങ്കില്‍, സുപ്രീംകോടതി കുഴപ്പം കണ്ടെത്തിയതും ഇതേ മൊഴികളിലാണ്.

ടോമിയോടു പറഞ്ഞ മധ്യവയസ്‌കന്‍ ആരെന്നു കണ്ടെത്താനായില്ലെന്നതു ശ്രദ്ധേയമാണ്. സ്ത്രീ ചാടി രക്ഷപ്പെടുന്നതായി പറഞ്ഞയാള്‍, അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ തുനിഞ്ഞ ടോമിയെ തടഞ്ഞെന്നും മൊഴിയുണ്ടായി.

ഫലത്തില്‍, സൗമ്യയുടെ വീഴ്ച നേരിട്ടു കണ്ടയാളാണ് ആദ്യം സംഭവത്തില്‍ അന്യായമായി ഇടപെട്ടത്. അയാളെ കണ്ടെത്താന്‍ സാധിച്ചതുമില്ല. സൗമ്യയെ ഗോവിന്ദച്ചാമി പീഡിപ്പിച്ചെന്നതും സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി.

പരുക്കുകളേറ്റയാളെയാണ് പീഡിപ്പിച്ചത് എന്നത് ആ ചെയ്തി അതിനിഷ്ഠൂരമാക്കുന്നുവെന്നും അതുകൊണ്ടുതന്നെ കീഴ്‌ക്കോടതികള്‍ നല്‍കിയ ജീവപര്യന്തം തടവ് തികച്ചും ന്യായീകരിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സൗമ്യ യാത്ര ചെയ്തിരുന്ന കംപാര്‍ട്ട്‌മെന്റില്‍ പടിഞ്ഞാറുവശത്തെ വാതില്‍പ്പടിയില്‍ ഗോവിന്ദച്ചാമി ഇരിക്കുന്നതും ടോമി കണ്ടുവത്രേ. അബ്ദുള്‍ ഷുക്കൂറും മറ്റു പലരും ഗോവിന്ദച്ചാമിയെ കണ്ടുവെന്നും വിചാരണക്കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു.

ഇരുവരും കോടതിയില്‍ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞിരുന്നു. സൗമ്യയ്ക്ക് ട്രെയിനിനുള്ളില്‍വച്ചും വീഴ്ചയിലും മുറിവുകളുണ്ടായെന്നും ഗോവിന്ദച്ചാമി ലൈംഗികമായി പീഡിപ്പിച്ചുവെന്നതും സംബന്ധിച്ച കണ്ടെത്തലുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സുപ്രീം കോടതി തള്ളിക്കളഞ്ഞില്ല.

ചാടിയതാണെന്നു സാക്ഷിമൊഴിയുള്ളപ്പോള്‍ തന്നെ, തള്ളിയിട്ടതോ എടുത്തെറിഞ്ഞതോ ആണെന്നു പ്രോസിക്യൂഷന്‍ വാദിച്ചതിലാണു കോടതി കുഴപ്പം കണ്ടത്.

Top