soumya murder ;B Sandhya meet Markandey katju

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍, സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ സഹായം തേടി.

എഡിജിപി ബി. സന്ധ്യ ജസ്റ്റിസ് കട്ജുവിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകിട്ടായിരുന്നു കൂടിക്കാഴ്ച. വിചാരണക്കോടതി അഭിഭാഷകന്‍ എ. സുരേശനും ഒപ്പമുണ്ടായിരുന്നു.

കേസില്‍ നിയമസഹായം അഭ്യര്‍ഥിച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയ വിധി തെറ്റാണെന്ന നിലപാടു കോടതിയില്‍ നേരിട്ടു ഹാജരായി വിശദീകരിക്കാന്‍ കട്ജുവിനോട് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

സൗമ്യവധക്കേസില്‍ കഴിഞ്ഞമാസം 15നു നല്‍കിയ വിധി പുനഃപരിശോധിക്കണമെന്നും പരസ്യവാദം വേണമെന്നുമുള്ള ജസ്റ്റിസ് കട്ജുവിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് പുനഃപരിശോധനാ ഹര്‍ജിയാക്കി മാറ്റാന്‍ സ്വമേധയാ തീരുമാനിച്ച കോടതി, അടുത്ത മാസം 11നു ഹാജരാകുന്നതിനു നോട്ടീസ് അയയ്ക്കാനും തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, കോടതിയില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കട്ജു ആദ്യം പ്രതികരിച്ചത്. സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാര്‍ കോടതിയില്‍ ഹാജരാകുന്നതിന് ഭരണഘടനാ വിലക്കുണ്ടെന്നായിരുന്നു കട്ജുവിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം ഈ നിലപാടു മാറ്റിയ കട്ജു, ഭരണഘടനാപരമായ വിലക്കില്ലെങ്കില്‍ സുപ്രീംകോടതിയില്‍ ഹാജരാകാമെന്നാണ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് കട്ജുവുമായി ബി സന്ധ്യ കൂടികാഴ്ച്ച നടത്തിയത്.

Top