Souminy Jain becom mayor

കൊച്ചി: പുതുമുഖങ്ങളെ മേയറാക്കേണ്ടതില്ലെന്ന കെപിസിസി മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച് ഷൈനി മാത്യുവിനെ കൊച്ചി മേയറാക്കാനുള്ള നീക്കത്തില്‍ നിന്ന് ഒടുവില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പിന്മാറി.

പേയ്‌മെന്റ് വിവാദം ശക്തമായിരിക്കെ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ നടത്തിയ ശക്തമായ ഇടപെടലാണ് ഇതിനു കാരണം.

ഇതോടെ കഴിഞ്ഞ തവണയും കോര്‍പ്പറേഷന്‍ അംഗമായിരുന്ന സൗമിനി ജയിനായിരിക്കും മേയറാവുകയെന്ന് ഉറപ്പായി.

മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് യോഗത്തില്‍ ഷൈനി മാത്യുവിനെ ആദ്യ രണ്ടര വര്‍ഷവും പിന്നീട് സൗമിനിയേയും പരിഗണിക്കാമെന്ന ഫോര്‍മുലയാണ് ഉണ്ടാക്കിയിരുന്നത്.

എ-ഐ ഗ്രൂപ്പുകളിലെ പ്രബലവിഭാഗം ഇതിനായ ഉറച്ച് നില്‍ക്കുകയും ചെയ്തു. എന്നാല്‍ പുതുമുഖത്തിനെ മേയറാക്കുന്നതിനെച്ചൊല്ലി വാര്‍ത്തകള്‍ പ്രചരിച്ചതും പേയ്‌മെന്റ് സീറ്റ് വിവാദവുമെല്ലാം കോണ്‍ഗ്രസില്‍ കലാപകൊടിക്ക് കാരണമായതോടെയാണ് തിരുത്തല്‍ നടപടിക്ക് സുധീരന്‍ തന്നെ മുന്നിട്ടിറങ്ങിയത്.

കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശം കര്‍ക്കശമായി പാലിച്ചിരിക്കണമെന്ന് അദ്ദേഹം ഡിസിസിക്ക് നിര്‍ദ്ദേശം നല്‍കിയതോടെ മുഖ്യമന്ത്രി അടക്കമുള്ളവരുടെ താല്‍പര്യങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

Top