‘കൊച്ചി മേയര്‍ അടക്കം എല്ലാവരും 23ന് രാജി വെയ്ക്കണം’; നഗരസഭ അടിമുടി മാറ്റാന്‍ കോണ്‍ഗ്രസ്

കൊച്ചി: മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളോടും മേയറിനോടും 23നകം രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് കത്ത് നല്‍കി. കൊച്ചി നഗരസഭ അടിമുടി മാറ്റാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. അതേസമയം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ച് സ്റ്റാന്‍ഡിംഗ് അംഗം ഷൈനി മാത്യു രംഗത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല എല്ലാവരും രാജിവയ്ക്കുമെങ്കില്‍ താനും രാജിക്ക് തയ്യാറാണെന്ന് മേയര്‍ സൗമിനി ജെയ്ന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.

സൗമിനിയുടെ രാജി സംബന്ധിച്ച് നേരത്തെ തന്നെ കോണ്‍ഗ്രസിനകത്ത് പുകച്ചില്‍ രൂക്ഷമായിരുന്നു. എന്നാല്‍ മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും മാറ്റിയാല്‍ താന്‍ മാറാന്‍ തയാറാണെന്ന് മേയര്‍ സൗമിനി ജെയ്ന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസിയുടെ ഈ തീരുമാനം.

അതേസമയം 23വരെ കാത്തു നില്‍ക്കുന്നില്ലെന്നും നാളെ തന്നെ രാജി വയ്ക്കുമെന്നും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാത്യൂ അറിയിച്ചു. സൗമിനി ജെയ്ന്‍ രാജി വച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് ഷൈനിയെ ആയിരുന്നു. എന്നാല്‍ തനിക്ക് മേയര്‍ സ്ഥാനം നല്‍കാമെന്ന് നേരത്തെ നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഷൈനി മാത്യു വ്യക്തമാക്കി.

അതേസമയം മേയറടക്കം രാജിവച്ചാല്‍ നഗരസഭയിലെ യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സ്വകാര്യ ആവശ്യത്തിനായി സംസ്ഥാനത്തിന് പുറത്ത് പോയിരിക്കുന്ന സൗമിനി ജെയ്ന്‍ 24 നേ തിരികെ കൊച്ചിയില്‍ എത്തുള്ളൂ.

Top