ഉംറ വിസ സ്റ്റാമ്പിംഗ് ഫീസ് കുത്തനെ വര്‍ധിപ്പിച്ച് സൗദി

മനാമ: ഉംറ വിസ സ്റ്റാമ്പിംഗ് ഫീസ് സൗദി ഹജ്, ഉംറ മന്ത്രാലയം കുത്തനെ വര്‍ധിപ്പിച്ചു. 50 റിയാലില്‍ നിന്നും ഫീസ് 300 റിയാലായാണ് കൂട്ടിയത്. വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വന്നു. നാട്ടില്‍ നിന്നും ഉംറക്കെത്തുന്നവര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഇതുവരെ ഇന്ത്യയില്‍ നിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‌പോര്‍ട്ടിലെ സ്റ്റിക്കറിന് 50 റിയാലായിരുന്നു ഫീസ്. വര്‍ധിപ്പിച്ച സ്റ്റാമ്പിംഗ് ഫീസിനൊപ്പം ബാബുല്‍ ഉംറ, ഉംറ കമ്പനികള്‍ എന്നിവയുടെ സേവന ചാര്‍ജ് കൂടിയാകുമ്പോള്‍ 500 റിയാലാകും ഫീ. ഈ വര്‍ഷം മുതല്‍ ഉംറ സര്‍വീസ് സമ്പൂര്‍ണ ഓണ്‍ലൈന്‍വല്‍ക്കരണം നടക്കുന്നതിനാല്‍ സൗദിയിലെ താമസ, യാത്ര ചെലവുകള്‍ ഉംറ കമ്പനികള്‍ നേരത്തെ ഓണ്‍ലൈന്‍ വഴി അടയ്ക്കണമെന്നാണ് നിര്‍ദേശം.

Top