സൗദി കിരീടാവകാശിയുടെ പാക്ക് സന്ദര്‍ശനം ഇന്ന്; ഇന്ത്യ പ്രതീക്ഷയില്‍

ഇസ്ലാമാബാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പാക്കിസ്ഥാനിലെത്തും. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിലെങ്ങും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പുല്‍വാമ ഭീകരാക്രമണത്തെ സൗദി അപലപിച്ചിരുന്നു. അതിനുശേഷമാണ് രാജകുമാരന്റെ സന്ദര്‍ശനദിവസങ്ങള്‍ വെട്ടിക്കുറച്ചത്. ഇന്നലെയായിരുന്നു സല്‍മാന്‍ രാജകുമാരന്‍ പാക്കിസ്ഥാനിലെത്തേണ്ടിയിരുന്നത്.

എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനദിവസങ്ങള്‍ മൂന്ന് ദിവസത്തില്‍ നിന്ന് രണ്ട് ദിവസമായി കുറച്ചുവെന്ന് പാക് സര്‍ക്കാരിന് അറിയിപ്പ് കിട്ടുകയായിരുന്നു.

പാക്കിസ്ഥാനില്‍ എത്തുന്ന സൗദി കിരീടാവകാശി പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കുമോ എന്നതാണ് എല്ലാവരുടെയും ചര്‍ച്ചാവിഷയം. പാകിസ്ഥാന് സൗദി പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം നാളെ സല്‍മാന്‍ രാജകുമാരന്‍ഡല്‍ഹിയിലെത്തും.

Top