വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ കുറവ്; റിപ്പോര്‍ട്ട് പുറത്ത് വിട്ട് സൗദി

റിയാദ്; സൗദിയില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ കുറവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ സ്വദേശികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വര്‍ദ്ധനവ് ഉണ്ടായതായും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ചത് 9.99 ബില്യണ്‍ റിയാലാണ്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ഇത് 12.75 ബില്യണ്‍ ആയിരുന്നു.

വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് ഈ വര്‍ഷം 21.6 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 32.9 ബില്യണ്‍ റിയാല്‍ നാട്ടിലേക്കയച്ച വിദേശികള്‍ ഈവര്‍ഷം ആദ്യ പാദത്തില്‍ അയച്ചത് 31.9 ബില്യണ്‍ മാത്രമാണ്. 2018 ല്‍ സൗദിയിലെ വിദേശികള്‍ ആകെ അയച്ചത് 136.43 ബില്യണ്‍ റിയാല്‍ ആയിരുന്നു.

2017ല്‍ ഇത് 141.6 ബില്യണ്‍ റിയാല്‍ ആയിരുന്നു. അതായത് ഓരോ വര്‍ഷവും വിദേശികള്‍ അയക്കുന്ന പണത്തിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വദേശികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് 4.7 ശതമാനം കൂടിയതായും റിപ്പോര്‍ട്ട് പറയുന്നു. 2018 മേയ് മാസത്തില്‍ 5.9 ബില്യണ്‍ റിയാല്‍ വിദേശത്തേക്ക് അയച്ച സൗദികള്‍ ഈ വര്‍ഷം മേയ് മാസത്തില്‍ അയച്ചത് 6.2 ബില്യണ്‍ റിയാലാണ്.

Top