ലെവിയില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കണം: സൗദി ശുറാ കൗണ്‍സില്‍

വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തോട് ശുറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ സ്വദേശിവത്കരണം അസാധ്യമായ തൊഴിലുകളിലും സഥാപനങ്ങളിലും ലെവി ഏര്‍പ്പെടുത്തരുതെന്നാണ് ശുറാ നിര്‍ദേശിച്ചത്.

ഇടത്തരം സ്ഥാപനങ്ങളില്‍ ലെവി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ ആളോഹരി വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ശൂറയില്‍ ലെവി വിഷയം നിര്‍ദേശിച്ച ശൂറയിലെ സാമൂഹ്യ, കുടുംബകാര്യ സമിതി വനിത അംഗം റാഇദ അബുനയാന്‍ പറഞ്ഞു. ആളോഹരി വരുമാനം 20 മുതല്‍ 35 ശതമാനം വരെ ഉയര്‍ത്തണമെന്നതാണ് സൗദി വിഷന്‍ 2030 ലക്ഷ്യമാക്കുന്നതെന്നും റാഇദ പാഞ്ഞു. ചാരിറ്റി സ്ഥാപനങ്ങളെയും ലെവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശൂറ അഭിപ്രായപ്പെട്ടു.

തൊഴില്‍ മന്ത്രാലയത്തിന്റെ പഠനത്തില്‍ ഇതും ഉള്‍പെട്ടിരിക്കണം. ചാരിറ്റി സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് നേരത്തെ വിവിധ വേദികളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് വിഷയങ്ങളും ശൂറ ബുധനാഴ്ച്ച ചര്‍ച്ചക്ക് എടുക്കുകയും തൊഴില്‍ മന്ത്രാലയത്തോട് പഠനം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തത്.

Top