ഭീകരർ നിയന്ത്രിക്കുന്ന ഭരണകൂടത്തിന് സൗദിയുടെ ധനസഹായം കൊടുംചതി

പാക്കിസ്ഥാന് സൗദി അറേബ്യ വാഗ്ദാനം ചെയ്ത 2000 കോടി ഡോളറിന്റെ സഹായം ഭീകരത വളര്‍ത്താന്‍ വേണ്ടിയോ ? ലോക ജനത ചര്‍ച്ച ചെയ്യേണ്ട കാര്യമാണിത്. ഇന്ത്യയില്‍ 40 സൈനികരുടെ ശരീരത്തില്‍ നിന്നും ചിതറിയ ചോരപ്പാടുകള്‍ ഉണങ്ങുന്നതിനു മുന്‍പാണ് ഈ സഹായഹസ്തമെന്നത് ഗൗരവമായി മാത്രമേ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാണാന്‍ പറ്റു.

ജമ്മു കാശ്മീരിലെ സ്‌ഫോടനത്തിന് കൊടുംഭീകരന്‍ മസൂദ് അസഹര്‍, അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് തന്നെ പാക് സൈനീക ആശുപത്രിയില്‍ നിന്നാണ്. ഇതില്‍ നിന്ന് തന്നെ പാക് സൈനിക നേതൃത്വത്തിന്റേയും ഭരണകൂടത്തിന്റേയും പങ്ക് വ്യക്തമാണ്.

മസൂദ് അസ്ഹറിന്റെ നിര്‍ദ്ദേശങ്ങളടങ്ങിയ ഓഡിയോ സംഭാഷണം സൗദി ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഇന്ത്യ കൈമാറിയിരുന്നതാണ്. ഇത് കേട്ടതിന് ശേഷമാണ് സൗദി കിരീടാവകാശി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഭീകര ആക്രമണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സൗദി തന്നെ ഭീകരതയെ പാലൂട്ടി വളര്‍ത്തുന്ന പാക്കിസ്ഥാനെ സഹായിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റുന്നതല്ല.

ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോട് കൂടിയാവണം കാര്യങ്ങള്‍ വിലയിരുത്തേണ്ടത്.

കാശ്മീരില്‍ ഭീകരര്‍ ചിന്നഭിന്നമാക്കിയവരില്‍ ഹിന്ദുവും മുസല്‍മാനും സിഖുകാരും എല്ലാം ഉണ്ട്. മതം നോക്കി റിക്കൂട്ട് മെന്റ് നടത്തുന്ന രാജ്യമല്ല ഇന്ത്യ. ഇക്കാര്യം സൗദിയും ഓര്‍ക്കുന്നത് നല്ലതാണ്.

പട്ടാളം ഭരണം നിയന്ത്രിക്കുന്ന പാക്കിസ്ഥാനും ഏകാധിപതികളായ രാജാക്കന്‍മാര്‍ ഭരിക്കുന്ന സൗദിക്കും ഇന്ത്യയുടെ മഹത്തായ പൈതൃകം സ്വപ്നം പോലും കാണാന്‍ കഴിയില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീമുകള്‍ തിങ്ങി പാര്‍ക്കുന്ന ഇന്ത്യയെ തന്നെ നശിപ്പിക്കാനാണ് ഭീകരരെ ഉപയോഗപ്പെടുത്തി പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നത്. വിഭജനത്തിന് ശേഷം പലവട്ടമായി അവര്‍ ഇത് തുടരുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ കാശ്മീരില്‍ സംഭവിച്ചത്.കരുത്തിനെ ഭീകരത കൊണ്ട് നേരിടാമെന്ന പാക്ക് വ്യാമോഹത്തിനുള്ള സാഹായമായി നല്‍കുന്ന ധനസഹായം മാറുമെന്നത് സൗദി കിരീടാവകാശി തിരിച്ചറിയണമായിരുന്നു.

സ്‌ഫോടനത്തിന് ശേഷമുള്ള യുദ്ധസമാനമായ ഈ അന്തരീക്ഷത്തില്‍ സൗദി പാക്കിസ്ഥാന് നല്‍കിയ ധനസഹായം ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളി കൂടിയാണ്. പ്രത്യേകിച്ച് പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്ന അവസരത്തില്‍ സംശയത്തോട് കൂടി മാത്രമേ സൗദി കിരീടാവകാശിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെ കാണാന്‍ സാധിക്കു.

2000 കോടി ഡോളര്‍ പാക്കിസ്ഥാന് നല്‍കി പിന്നീട് ഇന്ത്യയിലേക്ക് എത്തുന്ന ഈ കിരീടാവകാശിയുടെ ഒരു സഹായ വാഗ്ദാനവും ഇന്ത്യ ഇനി സ്വീകരിക്കാതിരിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഉചിതം.

സൗദി നേതൃത്വം നല്‍കുന്ന സഖ്യകക്ഷികളുടെ സൈനിക മേധാവി തന്നെ മുന്‍ പാക്കിസ്ഥാന്‍ സൈനിക മേധാവിയാണ്. മാറ്റി വയ്ക്കുമെന്ന് കരുതപ്പെട്ടിരുന്ന രാജകുമാരന്റെ സന്ദര്‍ശനം ഉറപ്പുവരുത്താന്‍ ഈ സാന്നിധ്യവും ഫലപ്രദമായി തന്നെ പാക്കിസ്ഥാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സൗദിയല്ല ആര് തന്നെ സഹായിച്ചാലും കാശ്മീരിന്റെ ഒരു തരിമണ്ണ് പോലും പാക്കിസ്ഥാന് സ്വന്തമാക്കാന്‍ സാധിക്കില്ല. അക്കാര്യം ഉറപ്പാണ്. മറിച്ച് ഇന്ത്യ തീരുമാനിച്ചാല്‍ ഇപ്പോള്‍ പാകിസ്ഥാന്റെ കൈവശമുള്ള തര്‍ക്ക പ്രദേശമടക്കം സെക്കന്റുകള്‍ക്കുള്ളില്‍ രാജ്യത്തിന്റെ ഭാഗമാകുമെന്നതും ഓര്‍ക്കുന്നത് നല്ലതാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി സൈന്യത്തിനു പിന്നിലുണ്ടാകും.

Top