ഉത്തരകൊറിയയോട് ആണവ നിരായുധീകരണം വേഗത്തിലാക്കാന്‍ ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു

സിയോള്‍: ഉത്തരകൊറിയയോട് ആണവനിരായുധീകരണം വേഗത്തിലാക്കണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. ആണവനിരായുധീകരണ വിഷയത്തില്‍ അമേരിക്കന്‍ ഉത്തരകൊറിയന്‍ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്ന സാഹചര്യത്തിലാണ് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി ദക്ഷിണ കൊറിയന്‍ വക്താവിന്റെ വാക്കുകള്‍ പുറത്തുവിടുന്നത്.

‘ഉത്തരകൊറിയയോട് ആണവ നിരായുധീകരണം വേഗത്തിലാക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനനുസൃതമായ സഹായങ്ങള്‍ അമേരിക്കയും ചെയ്തു കൊടുക്കേണ്ടതുണ്ട്’ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ഓഫീസ് വക്താവ് കിം യി ക്യോം പറഞ്ഞു.

കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടയിലും ദക്ഷിണ കൊറിയയുടെ ആണവ നിരായുധീകരണത്തിനായി ഒരുമിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിനുവേണ്ട എല്ലാ സഹായങ്ങളും അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ഭാഗത്ത് നിന്നുണ്ടാകുമെന്നും മൂണ്‍ ജെ ഇന്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞു.

ഏപ്രില്‍ 27ന് ഇരുകൊറിയകള്‍ക്കും ഇടയിലുള്ള സൈനിക വിമുക്ത പ്രദേശത്ത് നടന്ന ഇന്റര്‍ കൊറിയന്‍ ഉച്ചകോടിയില്‍ കിം ജോങ് ഉന്നും മൂണ്‍ ജെ ഇന്നും തമ്മില്‍ പാന്‍മുന്‍ജോം ഉടമ്പടി ഒപ്പുവച്ചിരുന്നു. സമ്പൂര്‍ണ്ണ നിരായുധീകരണമടക്കമുള്ള സമാധാന ശ്രമങ്ങളാണ് ഉടമ്പടിയിലുള്ളത്.

ഇതിനിടെ അമേരിക്കന്‍ വക്താവ് സമാന ചര്‍ച്ചകളുമായി ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കടുത്ത അമേരിക്കന്‍ നിലപാടുകളില്‍ തട്ടി ചര്‍ച്ച അലസി. അമേരിക്കയുടെ പുതിയ ആവശ്യങ്ങള്‍ യുഎസ്-കൊറിയ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ക്കെതിരാണെന്ന് കൊറിയ പറഞ്ഞു. കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ തന്നെ കൊറിയ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലുകളും ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ വാദം.

Top