കളിയില്‍ ജയിച്ചിട്ടും ദക്ഷിണാഫ്രിക്കന്‍ നായകന് സമ്മാനമായി കിട്ടിയത് സസ്‌പെന്‍ഷന്‍; കാരണം ഇതാണ്

ക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസിന് സസ്‌പെഷന്‍. പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസിന് വിനയായത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ കുറഞ്ഞ ഓവര്‍ നിരക്കിനെത്തുടര്‍ന്ന് നായകന്‍ ഫാഫ് ഡുപ്ലെസിസിന് ഒരു മത്സരത്തില്‍ നിന്ന് സസ്‌പെഷനും മത്സര ഫീയുടെ ഇരുപത് ശതമാനം തുക പിഴയുമാണ് ഐസിസി ശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന് ജനുവരി പതിനൊന്നാം തീയതി ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ ഡുപ്ലെസിസിന് കഴിയില്ല.

മാച്ച് റഫറി, ഡേവിഡ് ബൂണാണ് ഡുപ്ലെസിസിന് ശിക്ഷ വിധിച്ചത്. ഇതിനൊപ്പം രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ടായിരുന്ന മറ്റ് താരങ്ങള്‍ക്ക് മത്സരഫീയുടെ 10 ശതമാനം തുകയും പിഴ വിധിച്ചിട്ടുണ്ട്. നിശ്ചിത സമയത്ത് എറിഞ്ഞ് തീര്‍ക്കേണ്ടതിലും ഒരോവര്‍ കുറഞ്ഞാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞതെന്നായിരുന്നു മാച്ച് റഫറിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും സമാന കുറ്റം ആവര്‍ത്തിച്ചതാണ് ഡുപ്ലെസിന്റെ സസ്‌പെഷനിലേക്ക് നയിച്ചത്. നേരത്തെ, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തിലും കൃത്യസമയത്ത് പന്തെറിഞ്ഞ് തീക്കാന്‍ ഡുപ്ലെസിസിനും സംഘത്തിനും കഴിഞ്ഞിരുന്നില്ല.

Top