വൈകാരിക രംഗങ്ങള്‍ക്കിടയില്‍ സൂരജിനെ ഉത്രയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി

കൊല്ലം: അഞ്ചലില്‍ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ സൂരജിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവരാന്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ജാര്‍ പൊലീസ് കണ്ടെടുത്തു. ആളൊഴിഞ്ഞ പരിസരത്തെ പറമ്പില്‍നിന്നാണ് ജാര്‍ കണ്ടെടുത്തത്. സൂരജ് തന്നെയാണ് ജാര്‍ കണ്ടെടുത്ത് നല്‍കിയത്.

അതേസമയം, ഉത്രയെ താന്‍ കൊന്നിട്ടില്ലെന്ന് പറഞ്ഞ് തെളിവെടുപ്പിനിടെ സൂരജ് പൊട്ടിക്കരഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സൂരജിനെ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. മൂന്നുമാസം നീണ്ട ഗൂഡാലോചനക്ക് ശേഷമാണ് 25 കാരിയായ ഉത്രയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. അഞ്ചലില്‍ ഏറം വെള്ളശേരല്‍ വീട്ടില്‍ ഉത്ര കുടുംബവീട്ടിലാണ് പാമ്പ് കടിയേറ്റ് മരിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെയും സുഹൃത്തും സഹായിയുമായ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമാണ് ഞായറാഴ്ച അറസ്റ്റിലായത്.

കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ദേഹത്തേക്കു വച്ചു കടിപ്പിച്ചു രാവിലെ മരണം ഉറപ്പാക്കുന്നതു വരെ ഭര്‍ത്താവ് സൂരജ് കാത്തിരിക്കുകയായിരുന്നു. ഉത്രയെ കുടുംബ വീട്ടിലെ മുറിയില്‍ മേയ് ഏഴിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് കൊലപ്പെടുത്തിയതാണെന്നു കാണിച്ച് ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ സിഐക്ക് പരാതി നല്‍കി. പിന്നീട് എസ്.പി ഹരിശങ്കറിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകന്‍ കേസ് ഏറ്റെടുക്കുകയായിരുന്നു.

മേയ് ആറിനു രാത്രി വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയിരുന്നെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. സൂരജിന്റെ വീട്ടുകാര്‍ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഉത്രയെ പീഡിപ്പിക്കുന്നതായും പലപ്പോഴായി പണം ആവശ്യപ്പെട്ടതായും പിതാവ് നല്‍കിയ പരാതിയിലുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സത്യമാണെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ശക്തമാക്കി.മാര്‍ച്ച് 2നു സൂരജിന്റെ വീട്ടില്‍വച്ച് ഉത്രയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിനിടെയാണ് മേയ് ഏഴിനു സ്വന്തം വീട്ടില്‍വച്ചു വീണ്ടും പാമ്പ് കടിയേല്‍ക്കുന്നത്.

രണ്ടു തവണയും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. അതിനിടെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് രണ്ടിനു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നു. 90 പവനോളമാണ് ഇത്തരത്തില്‍ കാണാതായത്.അതോടൊപ്പം സൂരജ് പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. യൂട്യൂബിലും പാമ്പുപിടിത്തം സംബന്ധിച്ച തിരച്ചില്‍ സൂരജ് നടത്തിയതായാണു വിവരം. രണ്ടു തവണയായി കുപ്പിയിലാണ് സുഹൃത്ത് സന്തോഷ് പാമ്പുകളെ നല്‍കിയത്. ഓരോ തവണയും 5000 രൂപ വീതം നല്‍കി. ആദ്യം നല്‍കിയത് അണലിയും രണ്ടാമത് മൂര്‍ഖനുമായിരുന്നു.

Top