മെറ്റ എഐ വരുന്നു! വാട്സ്ആപ്പിലും ഇനി എഐ അസിസ്റ്റന്റുമായി സംസാരിക്കാം

നി വാട്സ്ആപ്പിലും എഐ ചാറ്റ്ബോട്ട് ലഭിക്കും. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്. ചാറ്റ് ടാബിന്റെ സ്ഥാനമാണ് കയ്യടക്കിയിരിക്കുന്നതെന്ന് മാത്രം.

നിലവില്‍ ചില വാട്സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും എന്നതില്‍ വ്യക്തത വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകാതെ ഈ ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകും. വരുന്നതോടെ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാം.

മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച് തത്സമയ വിവരങ്ങള്‍ നല്‍കാനുമാകും. കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും യാത്രകള്‍ ആസൂത്രണം ചെയ്യാനും സംശയ നിവാരണം, ഉപദേശങ്ങള്‍ തേടല്‍ എന്നിവയ്ക്കും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.

വാട്സ്ആപ്പ് അടുത്തിടെയായി നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. ക്ലബ് ഹൗസിലെ പോലെ വോയിസ് ചാറ്റ് ചെയ്യാനുള്ള അപ്ഡേഷന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ഏറെ പ്രയോജനപ്പെടുന്നത്. ക്ലബ് ഹൗസിലേതിന് സമാനമാണ് ഈ ഫീച്ചറെന്നത് തന്നെ കാര്യം. വലിയ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഒരേസമയം എന്തെങ്കിലും പരസ്പരം സംസാരിക്കാനായി ഗ്രൂപ്പ് വീഡിയോ കോളുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്.

എന്നാല്‍ ഈ ഫീച്ചറനുസരിച്ച് അംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ലാത്തതിനാല്‍ ഗ്രൂപ്പിലുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വോയിസ് ചാറ്റ് ചെയ്യാം. വോയിസ് ചാറ്റ് ചെയ്യുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം പോകും. പക്ഷേ കോള്‍ വരുന്നത് പോലെ റിങ് ചെയ്യില്ല. പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭിക്കുക. വേണമെങ്കില്‍ അതില്‍ ജോയിന്‍ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ സംഭാഷണങ്ങള്‍ കേട്ടിരിക്കാം.

Top