സോണി പിക്‌ചേഴ്‌സും, സീ എന്റർടെയ്ന്‍മെൻറ്സും ലയിക്കുന്നു

ന്യൂഡല്‍ഹി: സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്‌സ് ഇന്ത്യയും സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും ലയിച്ചു. ഡയറക്ടര്‍ ബോഡ് ലയനത്തിന് അംഗീകാരം നല്‍കിയതായി മാധ്യമസ്ഥാപനം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

പുതിയ കമ്പനിയില്‍ സോണിക്ക് 50.86ശതമാനവും സീ എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകള്‍ക്ക് 45.15ശതമാനവും പങ്കാളിത്തമുണ്ടാകും. ഇതോടെ രാജ്യത്തെ ഏറ്റവുവലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറും.

സോണി മാക്‌സ്, സീ ടിവി തുടങ്ങിയ ജനപ്രിയ ചാനലുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും ഇനി പ്രവര്‍ത്തിക്കുക. മാനേജിങ് ഡയറക്ടറും സിഇഒയുമായി പുനിത് ഗോയങ്ക തുടരും. ഡയറക്ടര്‍ ബോഡിലെ ഭൂരിഭാഗംപേരെയും സോണി ഗ്രൂപ്പ് ആകും നിയമിക്കുക.

സെപ്റ്റംബര്‍ 22നാണ് ഇരുകമ്പനികളും ലയിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോണിക്ക് ഇന്ത്യയില്‍ സാന്നിധ്യംവര്‍ധിപ്പിക്കാന്‍ ലയനത്തോടെ അവസരംലഭിക്കും. ആഗോളതലത്തില്‍ സാന്നിധ്യമാകാന്‍ സീ-ക്കും കഴിയും. നിലവില്‍ സീയുടെ ചാനലുകള്‍ക്ക് രാജ്യത്ത് 19ശതമാനം വിപണി വിഹിതമാണുള്ളത്.

Top