സീ എൻറർടെയ്ൻറ്മൻറ്-സോണി ഇന്ത്യ ലയനം പാളി; നിയമനടപടിക്കൊരുങ്ങി കമ്പനി

ജാപ്പനീസ് മൾട്ടിനാഷണൽ കമ്പനിയായ സോണി ഗ്രൂപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി സീ എടെയ്ന്റ്മന്റ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രൂപീകരിക്കുന്നതിനായി സീയും സോണിയും തമ്മിൽ ഒപ്പിട്ടിരുന്ന കരാർ സോണി റദ്ദാക്കുന്നതിനാലാണ് നടപടി. സീയുമായുള്ള ലയന പദ്ധതി ഉപേക്ഷിക്കുന്നതായി സോണി പ്രഖ്യാപിച്ചിരുന്നു.

2021 ൽ ഇരു കമ്പനികളും ചേർന്ന് പ്രഖ്യാപിച്ച ലയനം അവസാനിപ്പിക്കുന്നതായി സോണി ഗ്രൂപ്പ് തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. കൂടാതെ ലയന കരാർ റദ്ദാക്കുന്നതിനുള്ള ഫീസായി ഏകദേശം 748 കോടി രൂപയോളം കമ്പനി സീയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കരാർ വ്യവസ്ഥകൾ സോണി ഗ്രൂപ്പ് ലംഘിക്കുന്നതായും കരാറിൽ നിന്ന് പിൻമാറിയാൽ ഈടാക്കുന്ന തുകയിൽ പോലും മാറ്റമുണ്ടെന്നും സീ എന്റർടെയ്ന്റ്മന്റ് ആരോപിക്കുന്നു. സീ കരാർ ലംഘനം നടത്തിയതായി സോണി ഉന്നയിക്കുന്ന എല്ലാ അവകാശവാദങ്ങളും കമ്പനി ശക്തമായി നിഷേധിക്കുന്നു എന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ സീ എന്റ‍ർടെയ്ന്റ്മൻറ് വ്യക്തമാക്കിയിട്ടുണ്ട്.

സീ എൻർടെയ്ന്റ്മന്റ് ലയനത്തിൽ നിന്ന് സോണി പിൻമാറുന്നതായുള്ള വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ ലയനം പൂർത്തിയാകുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. കഴിഞ്ഞ വർഷം ഒപ്പിട്ട കരാർ കാലാവധി ഒരു മാസം കൂടെ നീട്ടാൻ സോണി ഗ്രൂപ്പിനോട് ആവശ്യപ്പെടും എന്നായിരുന്നു സീയുടെ വിശദീകരണം. ലയനം പൂർത്തിയായാൽ രാജ്യത്തെ എന്റ‍ർടെയ്ന്റ്മന്റ് വ്യവസായ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി ഇതു മാറും എന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ സോണി നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

ലയനം പൂർത്തിയായ ശേഷം പുതിയ കമ്പനി രൂപീകരിക്കുമ്പോൾ ഏത് കമ്പനി മേധാവിയാണ് നേതൃസ്ഥാനം ഏറ്റെടുക്കുക എന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് ലയനം പാതി വഴിയിൽ ഉപേക്ഷിക്കാൻ കാരണം. സീ എൻറർടെയ്ൻറ്മൻറ് മേധാവി പുനീത് ഗോയങ്കയുടെ നേതൃത്വത്തിനും വേണ്ടി കമ്പനി വാദിച്ചപ്പോൾ സോണി ഇന്ത്യ മേധാവി എൻ.പി സിങ്ങിനെ മേധാവിയാക്കണമെന്ന് സോണി ആവശ്യമുന്നയിച്ചു. പുനീത് ഗോയങ്കക്കെതിരെയുണ്ടായ കേസും നിയമനടപടിയുമാണ് കാരണം. കമ്പനിയിൽ നിന്ന് പണം വാകമാറ്റിയെന്ന പരാതിയിൽ പുനീത് ഗോയങ്കയെ ലിസ്റ്റഡ് സ്ഥാപനങ്ങളുടെ മേധാവിയാകുന്നതിൽ നിന്ന് സെബി ഇടക്കാലത്തേക്ക് വിലക്കിയിരുന്നു. എന്നാൽ പിന്നീട് സെക്യൂരിറ്റീസ് അപപ്ലേറ്റ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയെങ്കിലും സോണി ഇടഞ്ഞു.

Top