ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താന്‍ അഴിമതി നടത്തിയിട്ടില്ല: സോനു സൂദ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താന്‍ അഴിമതിനടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ബോളിവുഡ് നടന്‍ സോനു സൂദ്. അന്വേഷണ സംഘം ആരോപണത്തിന്റെ ഒരു വശം മാത്രമാണ് പറയുന്നതെന്ന് സോനു സൂദ് വിശദീകരിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്‍ 20 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് നടന്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തിയത്. അന്വേഷണ സംഘം ആരോപണത്തിന്റെ ഒരു വശം മാത്രം പറയരുതെന്നായിരുന്നു സോനു സൂദിന്റെ ട്വീറ്റ്.

ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി താന്‍ ശേഖരിച്ച പണം വിതരണം ചെയ്യാന്‍ തയ്യാറായിരിക്കുമ്പോഴാണ് അന്വേഷണ സംഘം കേസെടുത്തത്. തന്റെ പ്രവത്തനം തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ്. ജീവകാരുണ്യ സംഘടനയുടെ പേരിലെത്തുന്ന ഓരോ ചില്ലിക്കാശും അര്‍ഹര്‍ക്ക് നല്‍കും.

ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കിലായിരുന്നു. പണവിതരണം പൂര്‍ത്തിയാക്കാനാവാത്തത് അതുകൊണ്ടാണ്. കാലം എല്ലാം തെളിയിക്കുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഇനിയും സജീവമായിരിക്കുമെന്നും സോനു സൂദ് വ്യക്തമാക്കി.

അതേസമയം, കൊവിഡ് മഹാമാരി കാലത്ത് സംഘടനക്ക് വേണ്ടി 18.94 കോടി രൂപ പിരിച്ചതില്‍ 1.9 കോടിരൂപ മാത്രമാണ് വിതരണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.

 

Top