ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ 177 പെണ്‍കുട്ടികളെ നാട്ടിലെത്തിച്ച്‌ നടന്‍ സോനു സൂദ്

ലോക്ക്ഡൗണിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിയ 177 പെണ്‍കുട്ടികളെ അവരുടെ സ്വദേശമായ ഒറീസയിലെ ഭുവനേശ്വറിലേക്കെത്തിച്ച് നടന്‍ സോനു സൂദ്. ഒറീസയില്‍ നിന്നും കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ തുന്നല്‍ ജോലിയ്ക്കായെത്തിയതാണ് ഈ പെണ്‍കുട്ടികള്‍. കോവിഡ് ഭീതിയില്‍ ഫാക്ടറി അടച്ചു പൂട്ടിയതോടെ പോകാനൊരിടമില്ലാതെ, ജന്മനാട്ടിലേക്ക് തിരിച്ച് പോകാനുമാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. ഈ സംഭവമറിഞ്ഞ നടന്‍ ഉടന്‍ തന്നെ ഇടപെടുകയും ബെംഗളൂരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് 177 പേരെയും ഭുവനേശ്വറിലെത്തിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള അന്തര്‍സംസ്ഥാന യാത്ര ബുദ്ധിമുട്ടായതിനാലാണ് വ്യോമമാര്‍ഗം സ്വീകരിച്ചതെന്ന് സോനു സൂദ് മാധ്യമങ്ങളോടു പറഞ്ഞു. രാവിലെ എട്ടുമണിക്കാണ് വിമാനം പുറപ്പെട്ടതെന്ന് താരം പറഞ്ഞു. മാത്രമല്ല വിമാനത്താവളത്തില്‍ നിന്നും ഇവര്‍ക്ക് വീടുകളിലേക്ക് പോകാനുള്ള ബസ്സുകളും താരം ഏര്‍പ്പാടാക്കിയിരുന്നു. കുടിയേറി വന്നിട്ടുള്ള അവസാന വ്യക്തിയും വീടെത്തി എന്നുറപ്പു വരും വരെ താന്‍ തന്റെ ജോലി തുടരുമെന്നും സോനു സൂദ് പറഞ്ഞു.

അതേസമയം, നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ താരം ബസ് ഏര്‍പ്പാടാക്കിയിരുന്നു. കര്‍ണാടകയില്‍ നിന്നും 350 പേരെയാണ് അവരുടെ വീടുകളിലേക്ക് കയറ്റിവിട്ടത്. അതുകൂടാതെ നിരവധി പാവപ്പെട്ടവര്‍ക്ക് ദിവസവും ഭക്ഷണവും താരം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ താരം വിട്ടു കൊടുത്തിരുന്നു.

Top