മകന്റെ മയക്കുമരുന്ന് കേസ്; ഷാരൂഖ് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം നിര്‍ത്തിവെച്ച് ബൈജൂസ് ആപ്പ്

മുംബൈ: നടന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബൈജൂസ് ആപ്പ്. മയക്കുമരുന്ന് കേസില്‍ താരത്തിന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അധികൃതരുടെ തീരുമാനം. ഷാരൂഖ് അഭിനയിച്ച പരസ്യങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബൈജൂസ് ആപ്പ് ഇക്കാര്യം തീരുമാനിച്ചതെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ബുക്ക് ചെയ്ത പരസ്യങ്ങളാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. ഇവ പെട്ടെന്ന് നിര്‍ത്താന്‍ സമയമെടുക്കും. എന്നാല്‍ തന്നെയും ഈ തീരുമാനവുമായി മുന്നോട്ട് പോകാനാണ് ബൈജൂസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 2017 മുതലാണ് ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാനെ നിയമിക്കുന്നത്. 4 കോടിയോളം രൂപയാണ് ബൈജൂസ് ഷാരൂഖിന് നല്‍കുന്ന വാര്‍ഷിക പ്രതിഫലം.

ബ്രാന്‍ഡ് അംബാസിഡറായി നടന്‍ വന്നതോടെയാണ് ആപ്പിന് സ്വീകാര്യതയേറിയത്. അതുകൊണ്ട് തന്നെ അംബാസിഡര്‍ സ്ഥാനത്ത് നിന്നും ഷാരൂഖിനെ ഒഴിവാക്കാനുള്ള സാധ്യതയും കുറവാണെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.

 

 

Top