Sonia’s objectionable WhatsApp photo triggers violence, 1 killed

sonia gandhi

ജബല്‍പുര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അപകീര്‍ത്തിപരമായ ചിത്രം വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു ഏറ്റുമുട്ടല്‍.

ഉമേഷ് വര്‍മ എന്ന 33കാരനാണ് കൊല്ലപ്പെട്ടത്. പോലീസ് സ്റ്റേഷനുള്ളിലാണ് ഇയാള്‍ക്കു കുത്തേറ്റത്. പോലീസ് സ്റ്റേഷനിലെത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മറുസംഘം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ജതിന്‍ രാജ് ആരോപിച്ചു.

വിജയ് നഗര്‍ ഫ്രണ്ട്‌സ് എന്ന ഗ്രൂപ്പിലാണ് സോണിയ ഗാന്ധിയുടെ ചിത്രം പ്രചരിപ്പിച്ചത്. സോണിയ ഗാന്ധി പാത്രം കഴുകുന്ന ചിത്രവും മോദി കോണ്‍ഗ്രസ് പ്രസിഡന്റിനെ ഈ നിലയില്‍ എത്തിച്ചു എന്ന അടിക്കുറിപ്പുമായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് ഗ്രൂപ്പിലെ ചില അംഗങ്ങളും ചിത്രം പോസ്റ്റ് ചെയ്ത ആളുടെ സംഘവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഉടന്‍തന്നെ പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇവിടെവച്ചുണ്ടായ സംഘര്‍ഷത്തിലാണ് ഉമേഷ് വര്‍മയ്ക്കു കുത്തേറ്റത്. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമം നടന്നത് പോലീസ് സ്റ്റേഷനിലാണെന്ന ആരോപണം സിറ്റി പോലീസ് സൂപ്രണ്ട് ഇന്ദര്‍ജീത് ബല്‍സവാര്‍ നിഷേധിച്ചു. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നതിനായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

Top