ഭരണഘടനയ്ക്കനുസൃതമായേ പ്രവര്‍ത്തിക്കൂ; സോണിയ ഗാന്ധി സത്യവാങ്മൂലം വാങ്ങി

ഔറംഗബാദ് : ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂ എന്ന് ശിവസേനയില്‍ നിന്ന് സോണിയാ ഗാന്ധി രേഖാമൂലം ഉറപ്പുവാങ്ങിയതായി ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ പിഡബ്ല്യൂഡി മന്ത്രിയായ അശോക് ചവാന്‍.

ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ച രീതിയിലല്ല സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് അവര്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നുവെന്നും ചവാന്‍ വെളിപ്പെടുത്തി. ഇക്കാര്യം അതേരീതിയില്‍ ഞങ്ങള്‍ താക്കറെയെ അറിയിക്കുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

എന്നാല്‍ ചവാന്റെ പരാമര്‍ശത്തെ പരിഹസിച്ച് മുന്‍ മുഖ്യമന്ത്രി ഫഡനാവിസ് രംഗത്തെത്തി. മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണകള്‍ സംബന്ധിച്ച് ശിവസേന വ്യക്തത വരുത്തണമെന്നായിരുന്നു ഫഡ്‌നാവിസ് ആവശ്യപ്പെട്ടത്.

Top