കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്ന് സ്ഥാനാർത്ഥികളുണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് സോണിയ

ഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചു. തന്റെ സന്ദേശം താഴേക്ക് നൽകാൻ സോണിയ ഗാന്ധി നിർദ്ദേശം നല്‍കി.

അതേസമയം, കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരിനെ സംസ്ഥാന നേതാക്കൾ തള്ളി. രാഹുൽ അധ്യക്ഷനാകണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. രാഹുൽ അല്ലെങ്കിൽ നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ പിന്തുണ ഉണ്ടാകൂ എന്ന് കെ മുരളീധരൻ പറഞ്ഞു. തരൂരിന്റെ മത്സരം ഗൗരവത്തോടെ കാണുന്നില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചത്. എ-ഐ ഗ്രൂപ്പുകൾ പരാതി ഉന്നയിച്ചതോടെ രാഹുലിനായി പ്രമേയം പാസ്സാക്കാനാണ് കെപിസിസിയുടെ നീക്കം.

അധ്യക്ഷനാകാൻ ഇല്ലെന്ന് ജോഡോ യാത്രക്കിടെ തന്നെ രാഹുൽ കേരള നേതാക്കളോട് ആവർത്തിച്ചതാണ്. എങ്കിലും മറ്റ് പല പിസിസികളെന്ന പോലെ കേരളവും ആവശ്യപ്പെടുന്നത് രാഹുലിൻ്റെ വരവ് തന്നെയാണ്. ദില്ലിയിലെ വരും ദിനങ്ങളിലെ നിർണ്ണായക ചർച്ചക്കൊടുവിൽ രാഹുലിൻ്റെ എന്‍ട്രി പലരും ഇപ്പോഴും പ്രതീക്ഷിക്കുന്നുമുണ്ട്.

Top