Sonia, Rahul Gandhi to appear in court in National Herald case

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്ത് കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

കേസില്‍ നാളെ ഹാജരാവാന്‍ ആവശ്യപ്പെട്ട് വിചാരണ കോടതി ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. നേരിട്ട് ഹാജരാവുന്നതില്‍ സ്റ്റേ അനുവദിച്ച ഇടക്കാല ഉത്തരവ് നീട്ടണമെന്ന ആവശ്യവും കോടതി തള്ളി. അതേസമയം, കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ചാണ് സോണിയയ്ക്കും രാഹുലിനുമെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി കേസ് കൊടുത്തത്.

ആരോപണങ്ങള്‍ സോണിയയും രാഹുലും അന്നേ് നിരോധിച്ചിരുന്നു. സ്വാമിക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിയും മുഴക്കി. എന്നാല്‍, ഇരുവര്‍ക്കും എതിരെ സമന്‍സ് അയച്ച മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് കണ്ടെത്തിയത്. കോണ്‍ഗ്രസ് ഖജാന്‍ജി മോത്തിലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബേ, സാംപിട്രോഡ എന്നിവരാണ് മറ്റു പ്രതികള്‍.

നഷ്ടം മൂലം 2008ല്‍ ‘നാഷണല്‍ ഹെറാള്‍ഡ്’ പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) എന്ന കമ്പനിയാണ് നാഷണല്‍ ഹെറാള്‍ഡിന് പുറമേ നവ്ജീവന്‍, ക്വാമി ആസാദ് എന്നിവയും പ്രസിദ്ധീകരിച്ചിരുന്നത്.

ഈ സ്ഥാപനത്തിന്റെ 2000 കോടിയിലേറെ വില മതിക്കുന്ന സ്വത്തുക്കള്‍ പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് ‘യംഗ് ഇന്ത്യന്‍’ എന്ന കമ്പനി കൈക്കലാക്കി എന്നാണ് സ്വാമിയുടെ പരാതിയിലെ ആരോപണം. സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് ‘യംഗ് ഇന്ത്യന്‍’.

എ.ജെ.എല്‍ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കി ജീവനക്കാരെ പിരിച്ചുവിടുകയുമായിരുന്നു. പ്രസിദ്ധീകരണം പുനഃരാരംഭിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.

Top