‘തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ് ബറേലിയിലെ വോട്ടര്‍മാരാണ്’; കത്തെഴുതി സോണിയാ ഗാന്ധി

ഡല്‍ഹി: രാജ്യസഭയിലേക്ക് പത്രിക നല്‍കിയതിനു പിന്നാലെ റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തെഴുതി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും കാരണം മത്സരിക്കില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും റായ്ബറേലിയിലെ വോട്ടര്‍മാര്‍ കൂടെ നിന്നുവെന്ന് സോണിയ കത്തില്‍ പറയുന്നു.

തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം റായ് ബറേലിയിലെ വോട്ടര്‍മാരാണ്. ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും റായ്ബറേലി വിജയിപ്പിച്ചത് ചൂണ്ടിക്കാട്ടിയ സോണിയ തന്റെ കുടുംബത്തോടുള്ള സ്‌നേഹം മണ്ഡലത്തിലെ ജനങ്ങള്‍ തുടരും എന്നറിയാമെന്നും കത്തില്‍ പറയുന്നു. സോണിയ ഗാന്ധി മത്സരിക്കാത്ത സാഹചര്യത്തില്‍ ഇവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്.

ഇന്നലെയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പത്രിക നല്‍കിയത്. രാജസ്ഥാനില്‍ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സോണിയ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പത്രിക നല്‍കാനായി ജയ്പൂരിലെത്തിയിരുന്നു. ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കിയിരുന്നു. 25 വര്‍ഷം ലോക്‌സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.

Top