സോണിയ ഗാന്ധി രാവിലെ ഇഡിക്ക് മുൻപിൽ ഹാജരാകും

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസിൽ സോണിയ ഹാജരാകുമെന്നാണ് വിവരം. കൊവിഡ് അനുബന്ധവിശ്രമത്തിലായിരുന്നതിനാൽ നേരത്തെ ആവശ്യപ്പെട്ട തീയതികളിൽ സോണിയ ഇ ഡിക്ക് മുൻപിൽ എത്തിയിരുന്നില്ല. അതേസമയം സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാർലമെൻറിൽ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കൾ സംയുക്ത വാർത്ത സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും.

ഇതേ കേസിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അൻപതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. 2016 മുതൽ നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണം നടന്നു വരികയാണ്. യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ് പത്രത്തിൽ സോണിയയും രാഹുലുമാണ് ഭൂരിഭാഗം ഓഹരികളുടേയും ഉടമകൾ.

Top